| Sunday, 22nd December 2024, 7:55 am

നാലേമുക്കാല്‍ കോടിക്കാരന്‍ അള്ളായുടെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ആറില്‍ ആറും! വമ്പന്‍ വിജയവുമായി അഫ്ഗാന്‍ ലയണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ ഏകദിന പരമ്പര സ്വന്തമാക്കി സന്ദര്‍ശകര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0നാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാണ് ഷാഹിദിയും സംഘവും പരമ്പര സ്വന്തമാക്കിയത്.

ഹരാരെയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ മികച്ച വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. സിംബാബ്‌വേ ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 26.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ മറികടന്നു.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാഹിദിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ അഫ്ഗാന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഷെവ്‌റോണ്‍സ് സമ്മര്‍ദത്തിലേക്ക് കാലിടറി വീണു.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയിവല്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഷോണ്‍ വില്യംസ് മാത്രമാണ് ചെറുത്തുനിന്നത്. 61 പന്തില്‍ 60 റണ്‍സ് നേടിയാണ് താരം പുറത്തായത്. വില്യംസിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ സിംബാബ്‌വേ വന്‍ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു. 13 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇവര്‍ക്ക് പുറമെ ബെന്‍ കറന്‍ (31 പന്തില്‍ 12), റിച്ചാര്‍ഡ് എന്‍ഗരാവ (16 പന്തില്‍ 10) എന്നിവര്‍ മാത്രമാണ് സിംബാബ്‌വേ നിരയില്‍ ഇരട്ടയക്കം കണ്ടത്.

അഫ്ഗാനിസ്ഥാനായി അള്ളാ ഘന്‍സഫര്‍ അഞ്ച് വിക്കറ്റ് നേടി. പത്ത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. ഏകദിന കരിയറില്‍ താരത്തിന്റെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ 4.80 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതോടെയാണ് അള്ളാ ഘന്‍സഫര്‍ എന്ന പേര് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. റാഷിദ് ഖാന് ശേഷം അഫ്ഗാന് ലഭിച്ച ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് താനെന്ന് ഇതിനോടകം തെളിയിച്ചാണ് 18 വയസുകാരന്‍ തിളങ്ങുന്നത്.

ഘന്‍സഫറിന് പുറമെ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായ്, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ സെദ്ദിഖുള്ള അടലിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ ജയം സ്വന്തമാക്കി.

സെദ്ദിഖുള്ള 50 പന്തില്‍ 52 റണ്‍സ് നേടി. അബ്ദുള്‍ മാലിക് (66 പന്തില്‍ 29), ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി (22 പന്തില്‍ പുറത്താകാതെ 20), റഹ്‌മത് ഷാ (23 പന്തില്‍ പുറത്താകാതെ 17) എന്നിവരാണ് അഫ്ഗാനിസ്ഥാനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

അഞ്ച് വിക്കറ്റ് പ്രകടനവുമായി ഷെവ്‌റോണ്‍സിന്റെ ബാറ്റിങ് യൂണിറ്റിനെ തകര്‍ത്തെറിഞ്ഞ അള്ളാ ഘന്‍സഫറാണ് കളിയിലെ താരം. സെദ്ദിഖുള്ള അടലിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.

ഈ പരമ്പരയും സ്വന്തമാക്കിയതോടെ സിംബാബ്‌വേക്കെതിരെ ഒടുവില്‍ കളിച്ച ആറ് പരമ്പരകളിലും വിജയിക്കാനും അഫ്ഗാനിസ്ഥാന് സാധിച്ചു. 2015 മുതല്‍ ആരംഭിച്ച മേധാവിത്തം അഫ്ഗാന്‍ സിംഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

അഫ്ഗാനിസ്ഥാനും സിംബാബ്‌വേയും തമ്മില്‍ നടന്ന അവസാന ആറ് ഏകദിന പരമ്പരകള്‍

2024 – മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് അഫ്ഗാനിസ്ഥാന്‍ വിജയിച്ചു.

2022 – മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് അഫ്ഗാനിസ്ഥാന്‍ വിജയിച്ചു.

2018 – അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് അഫ്ഗാനിസ്ഥാന്‍ വിജയിച്ചു.

2017 – അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് അഫ്ഗാനിസ്ഥാന്‍ വിജയിച്ചു.

2015/16 – അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് അഫ്ഗാനിസ്ഥാന്‍ വിജയിച്ചു.

2015 – അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് അഫ്ഗാനിസ്ഥാന്‍ വിജയിച്ചു.

അതേസമയം, പര്യടനത്തില്‍ നേരത്തെ നടന്ന ടി-20 പരമ്പരയിലും സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്.

രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളാണ് ഇനി അഫ്ഗാന്റെ സിംബാബ്‌വേ പര്യടനത്തില്‍ ബാക്കിയുള്ളത്. ഇതില്‍ ആദ്യ മത്സരം ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

Content highlight: Afghanistan defeated Zimbabwe in 3rd ODI to seal series

We use cookies to give you the best possible experience. Learn more