ക്രിക്കറ്റ് മാമാങ്കത്തിനൊരുങ്ങുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വമ്പന്‍ നിരാശ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ലങ്കയുടെ രണ്ട് ടീമുകള്‍ പരാജയം രുചിച്ചതാണ് ആരാധകരെ നിരാശരാക്കുന്നത്. ലോകകപ്പിന്റെ സന്നാഹ മത്സരത്തിലും ഏഷ്യന്‍ ഗെയിംസിലുമാണ് ശ്രീലങ്ക തോല്‍വിയറിഞ്ഞത്.
ഈ രണ്ട് മത്സരത്തിലും അഫ്ഗാനിസ്ഥാന്റെ ടീമുകളോടാണ് ലങ്കക്ക് തോല്‍ക്കേണ്ടി വന്നത് എന്നതാണ് ആരാധകരെ നിരാശരാക്കുന്ന മറ്റൊരു ഘടകം. ലോകകപ്പ് ടീം ആറ് വിക്കറ്റിന് തോറ്റപ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ എട്ട് റണ്‍സിനായിരുന്നു ലങ്കന്‍ സിംഹങ്ങളുടെ തോല്‍വി.
കഴിഞ്ഞ ദിവസം ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിലാണ് ലങ്കക്ക് ആദ്യം തോല്‍വിയറിയേണ്ടി വന്നത്. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ സെഞ്ച്വറി കരുത്തിലും ലങ്കക്ക് ജയിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 46.2 ഓവറില്‍ 294 റണ്‍സിന് ഓള്‍ ഔട്ടായി. 87 പന്തില്‍ 158 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിന്റെ കരുത്തിലാണ് ലങ്ക സ്‌കോര്‍ ഉയര്‍ത്തിയത്. 19 ബൗണ്ടറിയും ഒമ്പത് സിക്‌സറുമാണ് മെന്‍ഡിസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 30ാം ഓവറില്‍ താരം റിട്ടയേര്‍ഡ് ഔട്ടായാണ് പുറത്തായത്.
39 റണ്‍സ് നേടിയ സധീര സമരവിക്രമയാണ് ലങ്കയുടെ രണ്ടാമത് മികച്ച സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനായി റഹ്മാനുള്ള ഗുര്‍ബാസ് സെഞ്ച്വറി നേടി. 92 പന്തില്‍ 119 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ റഹ്മത് ഷായും സെഞ്ച്വറി പ്രതീതി ജനിപ്പിച്ചിരുന്നു. 82 പന്തില്‍ 93 റണ്‍സാണ് താരം നേടിയത്. ഇരുവരും റിട്ടയര്‍ഡ് ഔട്ടായാണ് പുറത്തായത്.
മത്സരം മഴ തടസ്സപ്പെടുത്തിയതിന് പിന്നാലെ ഡക്ക്‌വര്‍ക്ക്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം വിജയലക്ഷ്യം 257 ആയി പുനര്‍നിശ്ചയിച്ചിരുന്നു. ഈ സ്‌കോര്‍ അഫ്ഗാന്‍ അനായാസം മറികടക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെയായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനും ശ്രീലങ്കയും ഏറ്റുമുട്ടിയത്. മത്സരത്തില്‍ ടോസ് നേടിയ ലങ്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
അഫ്ഗാനായി നൂര്‍ അലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 52 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. ഇതിന് പുറമെ ഷാഹിദുള്ളയുടെയും (14 പന്തില്‍ 23), മുഹമ്മദ് ഷഹസാദിന്റെയും (24 പന്തില്‍ 20) ഇന്നിങ്‌സ് അഫ്ഗാനെ 116 റണ്‍സിലെത്തിച്ചു.
ലങ്കക്കായി നുവാന്‍ തുഷാര നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ സഹന്‍ അരാച്ചിഗെ രണ്ട് വിക്കറ്റും നേടി. ലാഹിരു സമരകൂന്‍, വിജയകാന്ത് വിയാസ്‌കാന്ത് എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.
ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും മികച്ച രീതിയില്‍ ഡിഫന്‍ഡ് ചെയ്താണ് അഫ്ഗാന്‍ വിജയം സ്വന്തമാക്കിയത്. 117 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ 108 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ ഔട്ടാക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനായി ഖായിസ് അഹമ്മദും ക്യാപ്റ്റന്‍ ഗുലാബ്ദീന്‍ നയീബും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സഹീര്‍ ഖാന്‍, കരീം ജന്നത്, ഷറഫുദീന്‍ അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഈ വിജയത്തോടെ ഏഷ്യന്‍ ഗെയിംസില്‍ സെമി ഫൈനലിന് യോഗ്യത നേടാനും അഫ്ഗാനിസ്ഥാനായി.
Content Highlight: Afghanistan defeated Sri Lanka in World Cup warm up match and Asian Games