അട്ടിമറിയെന്ന് വിളിക്കല്ലേ... ഐതിഹാസിക വിജയമാണിത്; സൗത്ത് ആഫ്രിക്കക്കെതിരെ 177 റണ്‍സ് വിജയം, പരമ്പര
Sports News
അട്ടിമറിയെന്ന് വിളിക്കല്ലേ... ഐതിഹാസിക വിജയമാണിത്; സൗത്ത് ആഫ്രിക്കക്കെതിരെ 177 റണ്‍സ് വിജയം, പരമ്പര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2024, 7:55 am

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോഴേക്കും അഫ്ഗാനിസ്ഥാന്‍ സീരീസ് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 177 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. ടീമിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വിജയമാണിത്.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ഹസ്മത്തുള്ള ഷാഹിദി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ഒരിക്കലും തെറ്റിയില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാറ്റര്‍മാര്‍ പുറത്തെടുത്തത്.

ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി റഹ്‌മാനുള്ള ഗുര്‍ബാസും റിയാസ് ഹസനും തിളങ്ങി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

29 റണ്‍സ് നേടിയ റിയാസ് ഹസന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. ഏയ്ഡന്‍ മര്‍ക്രമിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നപ്പോള്‍ രണ്ടാം വിക്കറ്റില്‍ സെഞ്ച്വറിയാണ് ഗുര്‍ബാസും വണ്‍ ഡൗണായെത്തിയ റഹ്‌മത് ഷായും ചേര്‍ന്ന് അടിച്ചെടുത്തത്. ടീം സ്‌കോര്‍ 189ല്‍ നില്‍ക്കവെ ഗുര്‍ബാസിനെ പുറത്താക്കി നാന്ദ്രേ ബര്‍ഗര്‍ പ്രോട്ടിയാസിനാവശ്യമായ ബ്രേക് ത്രൂ നല്‍കി.

110 പന്ത് നേരിട്ട് 105 റണ്‍സ് നേടിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്തായത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിങ്‌സ്.

ഗുര്‍ബാസ് എവിടെ അവസാനിപ്പിച്ചോ, നാലാം നമ്പറില്‍ ഇറങ്ങിയ അസ്മത്തുള്ള ഒമര്‍സായ് അവിടെ നിന്നുതന്നെ ആരംഭിച്ചു. സിക്‌സറുകളും ഫോറുമായി അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച താരം സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചുകൊണ്ടേയിരുന്നു.

ഇതിനിടെ റഹ്‌മത് ഷായുടെ വിക്കറ്റ് ടീമിന് നഷ്ടമായി. 66 പന്തില്‍ 50 റണ്‍സ് നേടിയാണ് ഷാ പുറത്തായത്. റഹ്‌മത് ഷാ പുറത്തായെങ്കിലും പിന്നാലെയെത്തിയ സൂപ്പര്‍ താരം മുഹമ്മദ് നബിയെ ഒരറ്റത്ത് നിര്‍ത്തി ഒമര്‍സായ് വെടിക്കെട്ട് തുടര്‍ന്നു.

ഒമ്പത് പന്തില്‍ 12 റണ്‍സുമായി നബി മടങ്ങിയപ്പോള്‍ മറുവശത്ത് റാഷിദ് ഖാനെ കാഴ്ചക്കാരനാക്കി ഒമര്‌സായ് വെടിക്കെട്ട് തുടര്‍ന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന മികച്ച സ്‌കോറിലേക്ക് അഫ്ഗാനിസ്ഥാനെത്തി.

റാഷിദ് ഖാന്‍ 12 പന്തില്‍ ആറ് റണ്‍സ് നേടിയപ്പോള്‍ 50 പന്തില്‍ 86 റണ്‍സാണ് ഒമര്‍സായ് അടിച്ചുനേടിയത്. ആറ് സിക്‌സറും അഞ്ച് ഫോറും അടക്കം 172.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

പ്രോട്ടിയാസിനായി ലുന്‍ഗി എന്‍ഗിഡി, ഏയ്ഡന്‍ മര്‍ക്രം, നാന്ദ്രേ ബര്‍ഗര്‍, എന്‍ഖാബ പീറ്റര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിനും മികച്ച തുടക്കം തന്നെ ലഭിച്ചു. ക്യാപ്റ്റന്‍ തെംബ ബാവുമയും ടോണി ഡി സോര്‍സിയും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് സൗത്ത് ആഫ്രിക്കക്ക് പിഴച്ചത്. 73/0 എന്ന നിലയില്‍ നിന്നും 105/5 എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക വീണു. പിന്നാലെയെത്തിയവരെല്ലാം ഒന്നും ചെയ്യാനില്ലാത്തവരെ പോലെ മടങ്ങിയപ്പോള്‍ ടീം 134ന് പുറത്തായി.

47 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാവുമയാണ് ടോപ് സ്‌കോറര്‍. ടോണി ഡി സോര്‍സി 31 റണ്‍സും നേടി. ഇരുവരുമടക്കം നാല് പേര്‍ മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കണ്ടത്.

അഫ്ഗാനിസ്ഥാനായി പിറന്നാളുകാരന്‍ റാഷിദ് ഖാന്‍ അഞ്ച് വിക്കറ്റ് നേടി. ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ പന്തെറിഞ്ഞ് വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് റാഷിദ് അഞ്ച് വിക്കറ്റ് നേടിയത്.

ടോണി ഡി സോര്‍സി, ഏയ്ഡന്‍ മര്‍ക്രം, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ, വിയാന്‍ മുള്‍ഡര്‍ എന്നിവരെയാണ് റാഷിദ് മടക്കിയത്.

റാഷിദിന് പുറമെ നംഗേലിയ ഖട്ടോരെയും തിളങ്ങി. നാല് വിക്കറ്റാണ് ഖരോട്ടെ പിഴുതെറിഞ്ഞത്. റീസ ഹെന്‍ഡ്രിക്‌സ്, ബി. ഫോര്‍ച്യൂണ്‍, എന്‍ഖാബ പീറ്റര്‍, ലുന്‍ഗി എന്‍ഗിഡി എന്നിവരെയാണ് താരം മടക്കിയത്. ക്യാപ്റ്റന്‍ ബാവുമയെ ഒമര്‍സായിയും മടക്കി.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പര അഫ്ഗാനിസ്ഥാന്‍ 2-0ന് ലീഡ് ചെയ്യുകയാണ്. ഞായറാഴ്ചയാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Afghanistan defeated South Africa to seal the series