അഫ്ഗാന് ഗര്‍ജനത്തില്‍ നടുങ്ങി ബംഗ്ലാ കടുവകള്‍. അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഷഹിദിയും സംഘവും കരുത്ത് കാട്ടിയത്. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരമായിരുന്നു അഫ്ഗാന്റെ വിജയം.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച അഫ്ഗാന്‍ തന്ത്രം തുടക്കത്തില്‍ പാളിയെന്ന് തോന്നിച്ചെങ്കിലും പിന്നാലെ വിജയം കാണുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ തീം ഇഖ്ബാലും ലിട്ടണ്‍ ദാസും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 30 റണ്‍സ് മാത്രമാണ് ആദ്യ വിക്കറ്റില്‍ പിറന്നത്. 21 പന്തില്‍ നിന്നും 13 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ പുറത്താക്കി ഫസലാഖ് ഫാറൂഖിയാണ് അഫ്ഗാന് ആദ്യ ബ്രേക് ത്രൂ നല്‍കിയത്.
12ാം ഓവറിന്റെ രണ്ടാം പന്തില്‍ ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെ ലിട്ടണ്‍ ദാസിനെ നഷ്ടമായ ബംഗ്ലാ കടുവകള്‍ക്ക് പിന്നാലെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെയും നഷ്ടമായി. 35 പന്തില്‍ നിന്നും 26 റണ്‍സുമായി ദാസ് പുറത്തായപ്പോള്‍ 16 പന്തില്‍ നിന്നും 12 റണ്‍സായിരുന്നു ഷാന്റോയുടെ സമ്പാദ്യം.
38 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ ഷാകിബ് അല്‍ ഹസന്റെ വിക്കറ്റും നഷ്ടമായതോടെ ബംഗ്ലാദേശ് നിന്ന് പരുങ്ങി.
എന്നാല്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയ്‌യുടെ പ്രകടനമാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 69 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയുടെ അകമ്പടിയോടെ 51 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയവരെല്ലാം ഒറ്റയക്കത്തിന് പുറത്തായതോടെ 43 ഓവറില്‍ ഒമ്പതിന് 169 എന്ന നിലയില്‍ ബംഗ്ലാദേശ് പോരാട്ടം അവസാനിപ്പിച്ചു.
അഫ്ഗാനിസ്ഥാനായി ഫസലാഖ് ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് നബി, അസ്മത്തുല്ലാഹ് ഒമറാസി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. റഹ്മത്തുള്ള ഗുര്‍ബാസും ഇബ്രാഹീം സദ്രാനുമാണ് ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 54ല്‍ നില്‍ക്കവെ 22 റണ്‍സ് നേടിയ ഗുര്‍ബാസിനെ അഫ്ഗാനിസ്ഥാന് നഷ്ടമായി. വണ്‍ ഡൗണായെത്തിയ റഹ്മത് ഷാ എട്ട് റണ്‍സിന് പുറത്തായെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹസ്മത്തുല്ലാഹ് ഷാഹിദിയെ കൂട്ടുപിടിച്ച് സദ്രാന്‍ സ്‌കോര്‍ ചെയ്തുതുടങ്ങി.
എന്നാല്‍ അഫ്ഗാന്‍ സ്‌കോര്‍ 8.3ല്‍ നില്‍ക്കവെ മത്സരം തടസ്സപ്പെട്ടതോടെ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരം 17 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 8.4 ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫസലാഖ് ഫാറൂഖിയാണ് മത്സരത്തിലെ താരം.
വേള്‍ഡ് കപ്പ് ഇയറില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് അഫ്ഗാന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഈ വിജയത്തിന് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനും അഫ്ഗാന് സാധിച്ചു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ അഫ്ഗാന്‍ 1-0ന് മുമ്പിലാണ്. ജൂലൈ എട്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ചാറ്റോഗ്രാമാണ് വേദി.
Content Highlight: Afghanistan defeated Bangladesh