സ്വന്തം മണ്ണില്‍ അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പര അടിയറവെച്ച് ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം ചാറ്റോഗ്രാമില്‍ നടന്ന മത്സരത്തില്‍ 142 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്. മഴകൊണ്ടുപോയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരം 17 റണ്‍സിനും അഫ്ഗാന്‍ സിംഹങ്ങള്‍ വിജയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചാറ്റോഗ്രാമിലെ സാഹുര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിന്റെ അടിത്തറയിളക്കുകയായിരുന്നു. ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ തീരുമാനം തുടക്കം മുതല്‍ പിഴക്കുന്ന കാഴ്ചയായിരുന്നു ചാറ്റോഗ്രാമില്‍ കണ്ടത്.
ആദ്യ വിക്കറ്റില്‍ 256 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ റഹ്‌മത്തുള്ള ഗുര്‍ബാസും ഇബ്രാഹീം സദ്രാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 125 പന്തില്‍ നിന്നും എട്ട് സിക്സറും 13 ബൗണ്ടറിയും നേടിയ ഗുര്‍ബാസിനെ പുറത്താക്കി ഷാകിബ് അല്‍ ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയവര്‍ തപ്പിത്തടഞ്ഞെങ്കിലും മറുവശത്ത് സദ്രാന്‍ ഉറച്ചുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 299ല്‍ നില്‍ക്കവെ 119 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറുമായി സദ്രാനും പുറത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.
ബംഗ്ലാദേശിനായി ഷാകിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹ്ദി ഹസന്‍, ഹസന്‍ മഹ്‌മൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തയിപ്പോള്‍ എദാബോത് ഹുസൈന്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദശിന് ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിനെ നഷ്ടമായി. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല.
ആറാം നമ്പറിലിറങ്ങി 85 പന്തില്‍ നിന്നും 69 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമിന്റെ പ്രകടനമാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
ഒടുവില്‍ 43.2 ഓവറില്‍ 189 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായി. ഇതോടെ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങലിലൊന്നുകൂടിയാണ് കുറിക്കപ്പെട്ടത്.
അഫ്ഗാനിസ്ഥാനായി ഫസലാഖ് ഫാറൂഖി, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ രണ്ടും മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.
ഈ വിജയത്തിന് പിന്നാലെ പരമ്പര സ്വന്തമാക്കാനും അഫ്ഗാനിസ്ഥാനായി. ജൂണ്‍ 14ന് നടന്ന ടെസ്റ്റ് മത്സരത്തില്‍ 546 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയ അതേ അഫ്ഗാനിസ്ഥാന്‍ തന്നെ ബംഗ്ലാദേശിനെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണംകെടുത്തുകയായിരുന്നു.
ജൂലൈ 11നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ചാറ്റോഗ്രാം തന്നെയാണ് വേദി.
Content highlight: Afghanistan defeated Bangladesh