അഫ്ഗാനിസ്ഥാന്‍ താരത്തിന് വമ്പന്‍ തിരിച്ചടി; ഒത്തുകളിച്ചതിന് ബാന്‍ ചെയ്ത് ക്രിക്കറ്റ് ബോര്‍ഡ്!
Sports News
അഫ്ഗാനിസ്ഥാന്‍ താരത്തിന് വമ്പന്‍ തിരിച്ചടി; ഒത്തുകളിച്ചതിന് ബാന്‍ ചെയ്ത് ക്രിക്കറ്റ് ബോര്‍ഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th August 2024, 4:54 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസില്‍ കയറിപ്പറ്റിയ അന്താരാഷ്ട്ര ടീമായിരുന്നു അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ 2024 ടി-20 ലോകകപ്പില്‍ വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ശക്തിപ്രകടനം കാഴ്ചവെച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍ അഫ്ഗാന്‍ ആരാധകര്‍ക്ക് അത്ര സുഖകരമുള്ളതല്ല. ടീമിലെ 26കാരനായ ബാറ്റര്‍ ഇഹ്‌സാനുള്ള ജന്നത്തിന് അഞ്ച് വര്‍ഷത്തേക്ക് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബാന്‍ നല്‍കിയിരിക്കുകയാണ്.

അടുത്തിടെ കാബൂള്‍ പ്രീമിയര്‍ ലീഗില്‍ താരം ഒത്തുകളിച്ചതായി കണ്ടെത്തിയെതിനെതുടര്‍ന്നാണ് ഐ.സി.സി നിയമപ്രകാരം താരത്തെ അഫ്ഗാന്‍ ബോര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. മുന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ നൗറോസ് മംഗലിന്റെ ഇളയ സഹോദരനാണ് ജന്നത്ത്.

‘ഐ.സി.സി അഴിമതി ലംഘന നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.1.1 പ്രകാരം ജന്നത് കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഈ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഴിമതി പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് ജന്നത് കുറ്റം സമ്മതിക്കുകയും ചെയ്തു.
ഒത്തുകളിയുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് താരങ്ങള്‍ക്കെതിരെയും എ.സി.ബിയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തിവരികയാണ്. കുറ്റം സ്ഥിരീകരിച്ചതിന് ശേഷം അവരുടെ പങ്കാളിത്തം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും,’ എ.സി.ബി പറഞ്ഞു.

അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ആറ് ഇന്നിങ്‌സില്‍ നിന്ന് 110 റണ്‍സാണ് താരം നേടിയത്. 16 ഏകദിനത്തില്‍ നിന്ന് 307 റണ്‍സും താരത്തിനുണ്ട്. ഒരു ടി-20ഐ മത്സരത്തില്‍ നിന്ന് 20 റണ്‍സും താരം അടയാളപ്പെടുത്തി.

 

 

Content Highlight: Afghanistan Cricketer Banned For Five Years