ലങ്കയെയും മലര്‍ത്തിയടിച്ചു; അഫ്ഗാന്‍ അഞ്ചാം സ്ഥാനത്ത്
Cricket
ലങ്കയെയും മലര്‍ത്തിയടിച്ചു; അഫ്ഗാന്‍ അഞ്ചാം സ്ഥാനത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th October 2023, 11:41 pm

ലോകകപ്പില്‍ ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മത് ഷാ 62 (74) റണ്‍സും ഹഷ്മദുള്ള ഷാഹിദി 58* (74) റണ്‍സും അഷ്മത്തുള്ള ഒമര്‍സെയ് 73* (63) റണ്‍സും എടുത്താണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ 39 (57) റണ്‍സുമെടുത്തിരുന്നു.

ഒമര്‍സെയ് മൂന്ന് സിക്സറുകളും ആറ് ബൗണ്ടറികളുമടക്കമാണ് അഫ്ഗാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഓപ്പണിങ് ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസ് പൂജ്യത്തില്‍ കൂടാരം കയറിയതോടെ ടീം സമ്മര്‍ദത്തിലായെങ്കിലും സ്ഥിരതയുള്ള ബാറ്റിങ് അവരെ വിജയത്തിലെത്തിക്കുകയായിരുന്നു.

ശ്രീലങ്കക്ക് വേണ്ടി പതും നിസങ്കയാണ് 46 (60) റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. കുശാല്‍ മെന്‍ഡിസ് 39 (50) റണ്‍സും സദീര സമരവിക്രം 36 (40) റണ്‍സും നേടിയത് ടീമിന് മുതല്‍ കൂട്ടായെങ്കിലും തോല്‍വിയായിരുന്നു ഫലം.

അഫ്ഗാനിസ്ഥാന് വേണ്ടി ഫസല്‍ഹഖ് ഫറൂഖിയാണ് മികച്ച ബൗളിങ് പ്രകടനം കാഴചവെച്ചത്. 10 ഓവറില്‍ ഒരു മെയ്ഡണ്‍ അടക്കം 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താന്‍ നേടിയത്. മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും നേടിയിരുന്നു.

ലങ്കക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക രണ്ട് വിക്കറ്റുകള്‍ നേടി. ഗുര്‍ബാസിന്റെയും സദ്രാന്റെയും വിക്കറ്റുകളാണ് മധുശങ്ക നേടിയത്. കസുന്‍ രജിത റഹ്മത് ഷായുടെ വിക്കറ്റും നേടി. ലങ്കന്‍ ബൗളിങ് നിര അഫ്ഗാനെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

ഇതോടെ ആറ് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി അഞ്ചാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്. നവംബര്‍ മൂന്നിന് എകാനാ സ്പോര്‍ട്സ് സിറ്റിയില്‍ വെച്ച് നെതര്‍ലാന്‍ഡ്സിനെയാണ് അഫ്ഗാന്‍ നേരിടേണ്ടത്.

Content Highlights: Afghanistan cricket team in fifth place