|

ലോകം ഇളക്കിമറിച്ച് അഫ്ഗാന്‍ പട; പുറത്താക്കിയത് കടുവകളെ മാത്രമല്ല ലോക ചാമ്പ്യന്‍ന്മാരെയും, ഇന്ത്യയും കരുതിയിരുന്നോ!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഇതോടെ ലോകകപ്പ് സെമി ഫൈനലില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് അഫ്ഗാന്‍ പട. അതേസമയം ഒരു ചരിത്ര നേട്ടമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ടി-20 ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ പ്രവേശിക്കുന്നത്.

ഈ ചരിത്ര വിജയത്തിന് പുറകെ ഗ്രൂപ്പ് ഒന്നില്‍  നാല് പോയിന്റ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാമതാണ്. ഇതോടെ രണ്ട് പോയിന്റുള്ള ഓസ്‌ട്രേലിയയും പോയിന്റൊന്നും ഇല്ലാത്ത ബംഗ്ലാദേശും ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു.

അര്‍ണോസ് വേല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാനാണ് അഫ്ഗാനിസ്ഥാന് സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 17.5 ഓവറില്‍ 105 റണ്‍സ് നേടാനാണ് സാധിച്ചത്. ഡി.എല്‍.എസ് രീതിയില്‍ എട്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

ബംഗ്ലാ കടുവകളെ ചാരമാക്കിയത് അഫ്ഗാനിസ്ഥാന്റെ ഐതിഹാസിക ബൗളിങ് പ്രകടനം തന്നെയാണ്. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ ആണ് സ്വന്തമാക്കിയത്. 5.75 എന്ന എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. അതേസമയം നവീന്‍ ഉല്‍ ഹഖ് 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളും സ്വന്തമാക്കി. 6.78 എന്ന് എക്കണോമിയിലാണ് നവീനും എതിരാളികളെ ചാമ്പലാക്കിയത്.

ഇരുവര്‍ക്കും പുറമേ ഫസല്‍ ഹഖ് ഫറൂക്കി, ഗുല്‍ബാദിന്‍ നയിബ് എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

അഫ്ഗാനിസ്ഥാന് വേണ്ടി ഭേതപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ടാണ് റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് നടത്തിയത്. 55 പന്തില്‍ 43 റണ്‍സ് നേടി പിടിച്ചുനിന്ന ഗര്‍ബാസ് മൂന്ന് ഫോറും ഒരു സിക്‌സും നേടിയിരുന്നു. സദ്രാന്‍ 18 റണ്‍സ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി 10 റണ്‍സ് നേടി. ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ മിന്നും പ്രകടനമാണ് അവസാനഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 10 പന്തില്‍ മൂന്ന് സിക്‌സര്‍ അടക്കം 19 റണ്‍സ് ആണ് താരം നേടിയത്.

ബംഗ്ലാദേശിനു വേണ്ടി റാഷിദ് ഹുസൈന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസൂര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

ബംഗ്ലാദേശിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഓപ്പണറും വിക്കറ്റ് കീപ്പറും ആയ ലിട്ടണ്‍ ദാസ് ആണ്. 49 പന്തില്‍ 54 റണ്‍സ് നേടിയാണ് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പിന്നീട് വമ്പന്‍ തകര്‍ച്ചയായിരുന്നു ബംഗ്ലാദേശിനെ ഏറ്റുവാങ്ങേണ്ടി വന്നത്. സൗമ്യ സര്‍ക്കാര്‍ 10 റണ്‍സ് നേടിയപ്പോള്‍ തൗഹീദ് ഹൃദ്യോയ് 14 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ രണ്ടക്കം കാണാന്‍ സാധിച്ചില്ല.

Content Highlight: Afghanistan Cricket Team Creats History In T20 world Cup

Latest Stories