| Tuesday, 14th December 2021, 11:54 am

'വല്ലാതങ്ങ് കളിക്കണ്ട'; താരങ്ങളോട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

മൂന്നിലധികം ടി-20 ഫ്രാഞ്ചൈസി ലീഗില്‍ തങ്ങളുടെ താരങ്ങളെ കളിക്കാനനുവദിക്കില്ലെന്ന് സൂചന നല്‍കി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി) പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 അംഗ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് എ.സി.ബി തീരുമാനമെടുത്തിട്ടുള്ളത്.

രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കാനാണ് പുതിയ തീരുമാനമെന്നാണ് എ.സി.ബി അറിയിച്ചിരിക്കുന്നത്.

നിലവില്‍ അഫ്ഗാനിസ്ഥനിലെ ക്രിക്കറ്റിന്റെ അവസ്ഥയും ഭാവിയും തുടങ്ങിയ കാര്യങ്ങളാണ് കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടുള്ളത്.

‘എ.സി.ബി കളിക്കാരെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും വിലക്കാന്‍ സാധ്യതയുണ്ട്. ഒരു വര്‍ഷത്തില്‍ മൂന്ന് ലീഗുകള്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍,ഏത് ലീഗില്‍ കളിക്കണമെന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാം,’ കമ്മിറ്റിയംഗമായ റമീസ് അഹ്മദ്‌സായി പറഞ്ഞു.

ബിഗ് ബാഷ് ലീഗ് (ബി.ബി.എല്‍), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍), പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍), കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍) തുടങ്ങിയ നിരവധി ടി-20 ഫ്രാഞ്ചൈസി ലീഗുകളില്‍ വിവിധ ടീമുകള്‍ക്കായി അഫ്ഗാന്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ തുടങ്ങിയ താരങ്ങള്‍ ഓരോ ലീഗിലേയും ഫാന്‍ ഫേവറിറ്റ്‌സ് കൂടിയാണ്.

അതേസമയം, അഫ്ഗാന്‍ ടീമിന്റെ 2022 കലണ്ടര്‍ വര്‍ഷത്തെ എഫ്.ടി.പി ഷെഡ്യൂള്‍ (ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം ഷെഡ്യൂള്‍) പുറത്ത് വിട്ടിരുന്നു. 2022ല്‍ 37 ഏകദിന മത്സരങ്ങളാണ് അഫ്ഗാന്‍ കളിക്കുന്നത്.

12 ടി-20 മത്സരങ്ങളും 3 ടെസ്റ്റും അഫഗാന്റെ എഫ്.ടി.പി ഷെഡ്യൂളിലുണ്ട്. ഇതുകൂടാതെ ഐ.സി.സി, എ.സി.സി ടൂര്‍ണമെന്റുകളിലും അഫ്ഗാന്‍ മാറ്റുരയ്ക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afghanistan Cricket Board mulling to restrict players from participating in more than three franchise leagues

Latest Stories

We use cookies to give you the best possible experience. Learn more