കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ചവെച്ചത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരെയും പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ തലയുയര്‍ത്തി ഇന്ത്യയില്‍ നിന്നും മടങ്ങിയത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും അപരാജിത ചെറുത്തുനില്‍പില്‍ ടീം പരാജയപ്പെടുകയായിരുന്നു.
ഒമ്പത് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അഫ്ഗാന്‍ ഫിനിഷ് ചെയ്തത്.
ലോകകപ്പിന് മുമ്പ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയെ ടീം മെന്ററായി നിയമിച്ചിരുന്നു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നീക്കം ഫലം കാണുകയും ചെയ്തിരുന്നു. അജയ് ജഡേജയുടെ നിര്‍ദേശങ്ങളും തന്ത്രങ്ങളും ഹസ്മത്തുള്ള ഷാഹിദിയെയും സംഘത്തെയും ഏറെ സഹായിച്ചു.
അഫ്ഗാന്റെ പരീശിലകന്‍ ജോനാഥന്‍ ട്രോട്ട് അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് പരിചയമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തങ്ങള്‍ക്ക് ഏറെ സഹായകമായി എന്നാണ് ട്രോട്ട് പറഞ്ഞത്.
എന്നാല്‍ ടീമിന്റെ മെന്ററായിരിക്കാന്‍ ജഡേജ പണം വാങ്ങിയിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ നസീബ് ഖാന്‍. തന്റെ സേവനങ്ങള്‍ക്കായി അജയ് ജഡേജ ഒറ്റ പൈസ പോലും കൈപ്പറ്റിയിരുന്നില്ല എന്നാണ് ഖാന്‍ പറയുന്നത്.
‘നിങ്ങള്‍ നന്നായി കളിക്കുകയാണെങ്കില്‍ അതാണ് പണവും പ്രതിഫലവുമായി എനിക്ക് വേണ്ടത്,’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എ.സി.ബി ചീഫ് വ്യക്തമാക്കി.
Former Indian cricketer Ajay Jadeja refused to take his payment from Afghanistan Cricket Board for his role as a Mentor for @ACBofficials during the @cricketworldcup – Reveals ACB CEO @NaseebAFGcric to Host broadcaster @ArianaNews_
അതേസമയം, നിലവില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ഗ്രൂപ്പ് സി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അഫ്ഗാന്‍ ഇതിനോടകം സൂപ്പര്‍ 8നും യോഗ്യത നേടി.
ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ ക്വാളിഫയര്‍ വിജയിച്ചെത്തിയ ഉഗാണ്ടയെ 125 റണ്‍സിന് പരാജയപ്പെടുത്തിയ അഫ്ഗാന്‍ ന്യൂസിലാന്‍ഡിനെ 84 റണ്‍സിനും പപ്പുവ ന്യൂ ഗിനിയെ ഏഴ് വിക്കറ്റിനും തകര്‍ത്തു.
ജൂണ്‍ 18നാണ് ഗ്രൂപ്പ് ഘട്ടത്തിലെ അഫ്ഗാന്റെ അടുത്ത മത്സരം. ലോകകപ്പിന്റെ സഹ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
ഗ്രൂപ്പ് ഘട്ടത്തിലെ നാലില്‍ നാല് മത്സരവും വിജയിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും റാഷിദും സംഘവും ഗ്രോസ് ഐലറ്റിലിറങ്ങുക.
Content Highlight: Afghanistan Cricket Board CEO says Ajay Jadeja turned down payment for mentoring Afghanistan in ODI World Cup 2023