| Wednesday, 6th September 2023, 10:32 am

ഒരാള്‍ പോലും ഞങ്ങളോട് പറഞ്ഞില്ല, ആകെ അറിയാവുന്നത് 37.1 ഓവറിന്റെ കാര്യം; തോല്‍വിക്ക് പിന്നാലെ അഫ്ഗാന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

37.1 ഓവറിന് ശേഷവും തങ്ങള്‍ക്ക് വിജയസാധ്യതയുണ്ടായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു എന്ന് അഫ്ഗാനിസ്ഥാന്‍ കോച്ച് ജോനാഥന്‍ ട്രോട്ട്. ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

37.1 ഓവറില്‍ വിജയിക്കണമെന്ന കാര്യം മാത്രമേ തങ്ങളുമായി സംസാരിച്ചിരുന്നുള്ളൂവെന്നും 37.4 ഓവറില്‍ 295 നേടിയാല്‍ സാധ്യതകള്‍ സജീവമാകുമായിരുന്നു എന്ന വസ്തുത ഒരാള്‍ പോലും തങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്തില്ലെന്നും പോസ്റ്റ് മാച്ച് കോണ്‍ഫറന്‍സില്‍ ട്രോട്ട് പറഞ്ഞു.

ശ്രീലങ്ക മുമ്പോട്ടുവെച്ച 292 റണ്‍സിന്റെ വിജയലക്ഷ്യം 37.1 ഓവറില്‍ മറികടന്നാല്‍ അഫ്ഗാനിസ്ഥാന് ജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ 37.2 ഓവറില്‍ 294 റണ്‍സോ 37.4 ഓവറില്‍ 295 37.5 ഓവറില്‍ 296 റണ്‍സോ നേടിയാലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു.

38ാം ഓവറിലെ ആദ്യ പന്തില്‍ പന്തില്‍ മൂന്ന് റണ്‍സ് നേടിയിരുന്നെങ്കില്‍ അഫ്ഗാന് വിജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇത് നേടാന്‍ സാധിക്കാതെ വന്നതോടെ അഫ്ഗാന്‍ ക്യാമ്പ് നിരാശരായി. എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ ഒരു സിക്‌സര്‍ പിറന്നിരുന്നെങ്കില്‍ അഫ്ഗാന് ജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഈ സാധ്യതകളെ കുറിച്ച് തനിക്കറിയില്ല എന്നാണ് ട്രോട്ട് പറഞ്ഞത്.

‘മത്സരം വിജയിക്കാനുള്ള സാധ്യതകളെ കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. 37.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കണം എന്നത് മാത്രമായിരുന്നു ഞങ്ങള്‍ക്ക് അറിവുണ്ടായിരുന്നത്. ഇതിന് ശേഷവും ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു എന്ന കാര്യം ആരും പറഞ്ഞില്ല,’ ട്രോട്ട് പറഞ്ഞു.

292 റണ്‍സിലേക്ക് അതിവേഗം ഓടിയെത്തിയ അഫ്ഗാന്‍ അനായാസം വിജയം നേടുമെന്ന് കരുതി. മുന്‍ നായകന്‍ മുഹമ്മദ് നബിയുടെയും ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും അര്‍ധ സെഞ്ച്വറിയാണ് ടീമിന് തുണയായത്.

ഇവര്‍ പുറത്തായെങ്കിലും കരീം ജന്നത്, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ഒടുവില്‍ അവസാന ഏഴ് പന്തില്‍ 15 റണ്‍സ് നേടിയാല്‍ വിജയിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വന്നെത്തി.

37ാം ഓവര്‍ പന്തെറിയാനെത്തിയ വെല്ലലാഗെ ആദ്യ രണ്ട് പന്തും ഡോട്ട് ആക്കിമാറ്റി. മൂന്നാം പന്ത് ബൗണ്ടറി കടത്തിയ റാഷിദ് ഖാന്‍ നാലാം പന്ത് വീണ്ടും ഡോട്ട് ആക്കിയെങ്കിലും പിന്നീടുള്ള രണ്ട് പന്തിലും ബൗണ്ടറി നേടി.

ഇതോടെ അഫ്ഗാന് വിജയം മൂന്ന് റണ്‍സകലെ മാത്രമായി. രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ഒരു പന്തില്‍ മൂന്ന് റണ്‍സടിച്ചാല്‍ അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും എന്ന നില വന്നു.

വിശ്വസ്തനായ ധനഞ്ജയ ഡി സില്‍വയെ പന്തേല്‍പിച്ച ക്യാപ്റ്റന്‍ ദാസുന്‍ ഷണകക്ക് പിഴച്ചില്ല. ആദ്യ പന്തില്‍ മുജീബ് ഉര്‍ റഹ്മാനെ സധീര സമരവിക്രമയുടെ കൈകളിലെത്തിച്ച് മടക്കിയപ്പോള്‍ അഫ്ഗാന്‍ ക്യാമ്പ് മൂകമായി.

എന്നാല്‍ അഫ്ഗാന്റെ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല എന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞുകൊണ്ടേയിരുന്നിരുന്നു. 37.4 ഓവറില്‍ സ്‌കോര്‍ 295ല്‍ എത്തിക്കുകയാണെങ്കില്‍ അഫ്ഗാന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

37.2 പന്ത് ഫേസ് ചെയ്യാനെത്തിയ ഫസലാഖ് ഫാറൂഖി നേരിട്ട ആദ്യ രണ്ട് പന്തും ഡോട്ട് ആക്കി മാറ്റി. അവസാന പ്രതീക്ഷയായ 38ാം ഓവറിലെ നാലാം പന്തില്‍ ഫാറൂഖി വിക്കറ്റിന് മുമ്പില്‍ കുടങ്ങി പുറത്തായപ്പോള്‍ മറുവശത്ത് നിരാശയില്‍ തലകുനിച്ചിരിക്കാന്‍ മാത്രമാണ് റാഷിദ് ഖാന് സാധിച്ചത്.

ഫാറൂഖി ഏതെങ്കിലും പന്തില്‍ സിക്സര്‍ നേടുകയോ, സിംഗിള്‍ നേടി റാഷിദ് ഖാന്‍ സ്ട്രൈക്ക് നല്‍കുകയും താരം സിക്സര്‍ നേടുകയും ചെയ്തിരുന്നെങ്കില്‍ അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കുമായിരുന്നു. ഇക്കാര്യം ബാറ്റര്‍മാരെ അറിയിക്കുന്നതില്‍ അനലിസ്റ്റുകള്‍ക്കും പിഴവുപറ്റി. ഒടുവില്‍ രണ്ട് റണ്‍സിന് വിജയിച്ച ലങ്ക സൂപ്പര്‍ ഫോറിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

Content Highlight: Afghanistan coach about lost against Sri Lanka

Latest Stories

We use cookies to give you the best possible experience. Learn more