അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് ടി-20 മത്സരങ്ങളടങ്ങിയ പരമ്പര അവസാനിച്ചിരിക്കുകയാണ്. ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാതെ പരമ്പര 3-0ന് പരാജയപ്പെട്ടാണ് അഫ്ഗാന്‍ ഇന്ത്യയില്‍ നിന്ന് മടങ്ങുന്നത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ വിജയത്തിന് തൊട്ടരികിലെത്തിയാണ് അഫ്ഗാനിസ്ഥാന്‍ തോറ്റുമടങ്ങിയത്. മത്സരം സമനിലയിലെത്തിക്കുകയും രണ്ട് സൂപ്പര്‍ ഓവറുകള്‍ വരെ നീട്ടിക്കൊണ്ടുപോവുകും ചെയ്താണ് സന്ദര്‍കര്‍ ഇന്ത്യന്‍ ആരാധരെ മുള്‍മുനയില്‍ നിര്‍ത്തിയത്.
പരമ്പര പരാജയപ്പെട്ടെങ്കിലും തങ്ങളുടെ ആരാധകരെ നിരാശരാക്കാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയത്. ഓരോ മത്സരം കഴിയുമ്പോഴും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയാണ് അഫ്ഗാന്‍ വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് കരുത്ത് കാട്ടിയത്.
മൊഹാലിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 158 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ സ്‌കോറിന്റെ റെക്കോഡാണ് മൊഹാലിയില്‍ സദ്രാനും സംഘവും സ്വന്തമാക്കിയത്. ടി-20യില്‍ ഇന്ത്യക്കെതിരെ അഫ്ഗാന്‍ 150+ സ്‌കോര്‍ നേടുന്നതും ഇതാദ്യമാണ്.
ഇന്ത്യക്കെതിരായ അഫ്ഗാന്റെ ഏറ്റവും മികച്ച ടോട്ടല്‍ സ്‌കോര്‍ എന്ന മൊഹാലിയിലെ നേട്ടത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 172 റണ്‍സ് പടുത്തുയര്‍ത്തിയാണ് അഫ്ഗാന്‍ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചത്. ഗുലാബദീന്‍ നായിബിന്റെ അര്‍ധ സെഞ്ച്വറിയാണ് അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മൂന്നാം മത്സരത്തില്‍ ഈ റെക്കോഡ് നേട്ടവും അഫ്ഗാനിസ്ഥാന്‍ മെച്ചപ്പെടുത്തി. 212 റണ്‍സാണ് അഫ്ഗാന്‍ ഇന്ത്യക്കെതിരെ നേടിയത്. ടി-20യില്‍ ഇന്ത്യക്കെതിരെ 200+ റണ്‍സ് നേടുന്നതും ഇത് ആദ്യമായി തന്നെ.
ഇന്ത്യക്കെതിരെ ടി-20യില്‍ അഫ്ഗാനിസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍
(സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
212/6 ബെംഗളൂരു – 2024
172 – ഇന്‍ഡോര്‍ – 2024
158/5 മൊഹാലി – 2024
144/7 അബു ദാബി – 2021
136 – കൊളംബോ – 2012
115/8 ഗ്രോസ് ഐലറ്റ്, സെന്റ് ലൂസിയ – 2010
112/5 ഹാങ്ഷൂ – 2023
ഇന്ത്യക്കെതിരെ നടന്ന പരമ്പരക്ക് ശേഷം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് അഫ്ഗാനിസ്ഥാന്‍. ഒരു ടെസ്റ്റും മൂന്ന് ഏകദിനവും അത്രതന്നെ ടി-20യുമാണ് അഫ്ഗാന്‍ ലങ്കയില്‍ കളിക്കുക.
ഇതില്‍ ടെസ്റ്റ് മത്സരമാണ് ആദ്യം നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് മത്സരം. സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
Content Highlight: Afghanistan changed their own record against India