സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പര വിജയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് നേടിയാണ് അഫ്ഗാന്‍ സിംഹങ്ങള്‍ വിജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ പ്രോട്ടിയാസിനെതിരെ പരമ്പര സ്വന്തമാക്കുന്നത്.
ഈ വിജയത്തിന് പിന്നാലെ അഫ്ഗാന്‍ നായകന്‍ ഹസ്മത്തുള്ള ഷാഹിദി ശുഭാംകര്‍ മിശ്രക്ക് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏത് ഇന്ത്യന്‍ താരം അഫ്ഗാനിസ്ഥാന് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് വിരാട് കോഹ്‌ലിയുടെ പേരാണ് ഷാഹിദി പറഞ്ഞത്.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് വിരാട് എന്നും വിരാടിന്റെ റെക്കോഡുകള്‍ അദ്ദേഹത്തിനായി സംസാരിക്കുന്നുവെന്നും ഷാഹിദി പറഞ്ഞു.
‘നിരവധി മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പക്ഷേ ഞാന്‍ വിരാട് കോഹ്‌ലിയുടെ പേര് പറയും. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏകദിനത്തില്‍ അദ്ദേഹം 50 സെഞ്ച്വറികള്‍ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു, അത് വളരെ വലിയ ഒരു നേട്ടമാണ്.
ഇത് പറയാന്‍ എളുപ്പമാണ് പക്ഷേ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമെല്ലാം നേടുന്നത് ഒരിക്കലും എളുപ്പമല്ല. അദ്ദേഹത്തിന്റെ കണക്കുകളാണ് അദ്ദേഹത്തിനായി സംസാരിക്കുന്നത്,’ ഷാഹിദി പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനെതിരെ അവസാന മത്സരത്തിലെങ്കിലും വിജയിക്കണമെന്നുറച്ചാണ് പ്രോട്ടിയാസ് മൂന്നാം ഏകദിനത്തിനിറങ്ങിയത്. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ പുറത്തെടുത്ത ഡോമിനന്‍സ് ആവര്‍ത്തിക്കാന്‍ ടീമിനായില്ല.
94 പന്തില്‍ 89 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ് പിടിച്ചുനിന്നത്. ഏഴ് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 15 പന്തില്‍ പുറത്താകാതെ 31 റണ്‍സ് നേടിയ അള്ളാ ഘന്‍സഫറാണ് രണ്ടാമത് മികച്ച റണ്‍ഗെറ്റര്‍.
ഒടുവില്‍ 34 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 169ന് പുറത്തായി.
സൗത്ത് ആഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി, ആന്‍ഡില്‍ പെഹ്‌ലുക്വായോ. എന്‍കാബ പീറ്റര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മൂന്ന് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ബി. ഫോര്‍ച്യൂണാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കി.