ക്വാളിഫയറില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി
Sports News
ക്വാളിഫയറില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 9:17 am

2026 ഫുട്‌ബോള്‍ ലോകകപ്പ് ക്വാളിഫയറില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് വിജയം. ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ഫിനിഷ് ചെയ്തത്.

ആവേശകരമായ മത്സരം തുടങ്ങിയപ്പോള്‍ 38 മിനിറ്റില്‍ ഒരു പെനാല്‍റ്റി കിക്കിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എതിരാളികളുടെ വലകുലുക്കിയപ്പോള്‍ ഇന്ത്യ കണ്ടത് വലിയ സ്വപ്നമായിരുന്നു.

എന്നാല്‍ ആദ്യ പകുതിക്ക് ശേഷം അഫ്ഗാനിസ്ഥാന്റെ റഹ്‌മത്ത് അക്ബറി മറുപടി ഗോളടിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. വിജയ ഗോളിനായി ഇരുവരും കളത്തില്‍ തകര്‍ത്താടിയപ്പോള്‍ വിധി വല കുലുക്കാന്‍ അനുവദിച്ചത് അഫ്ഗാനിസ്ഥാനെയായിരുന്നു. 88 മിനിറ്റില്‍ ഷാരിഫ് മുഖമ്മദ് ഒരു പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി വിജയം സ്വന്തമാക്കി.

4 – 2 – 3 – 1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ഇന്ത്യ ഇറങ്ങിയത്. വല കാക്കുന്ന ഗുര്‍പ്രീത് സിങ് സന്ധു അടക്കം നാലുപേര്‍ക്കാണ് മഞ്ഞ കാര്‍ഡ് കിട്ടിയത്. ഇന്ത്യ ഗോള്‍ വഴങ്ങാന്‍ കാരണമായ ഫൗള്‍ ആയിരുന്നു ഗുര്‍പ്രീതിന്റെ അടുത്തുനിന്നും വന്നത്.

അഫ്ഗാനിസ്ഥാന്‍ 4 – 4 – 2 എന്ന തകര്‍പ്പന്‍ ഫോര്‍മേഷനില്‍ ആയിരുന്നു കളിച്ചത്. അഫ്ഗാനിസ്ഥാന്‍ ഡിഫന്‍ഡിങ് നിരയിലെ രണ്ടുപേര്‍ക്കാണ് മഞ്ഞ കാര്‍ഡ് ലഭിച്ചത്.

ഇതോടെ ഗ്രൂപ്പ് എ യില്‍ ഇന്ത്യ രണ്ടാമതായി മാറിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് നാലു മത്സരങ്ങളില്‍ നാലു വിജയം സ്വന്തമാക്കി 12 പോയന്റ് സ്വന്തമാക്കി ഖത്തര്‍ തേരോട്ടം തുടരുകയാണ്.

 

Content Highlight: Afghanistan Beat India In 2026 Football World Cup Qualifier