ആദ്യ മത്സരത്തില്‍ 59ന് ഓള്‍ ഔട്ടായവരാണ്... ദേ ഇപ്പോള്‍ അടിയോടടി... പൊരിഞ്ഞ അടി...
ഏഷ്യ കപ്പിന് മുന്നോടിയായുള്ള ബൈലാറ്ററല്‍ സീരീസിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍. ഓഗസ്റ്റ് 22ന് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 59 റണ്‍സിന് ഓള്‍ ഔട്ടായ ടീം നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 179 റണ്‍സ് എന്ന നിലയിലാണ്.
മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങേണ്ടി വന്നതിന്റെ എല്ലാ കുറവും പരിഹരിച്ചാണ് അഫ്ഗാനിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ മത്സരത്തിലെ ആദ്യ ഓവര്‍ മുതല്‍ അഫ്ഗാനിസ്ഥാന് മേല്‍ അധീശത്വം സ്ഥാപിച്ച പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് രണ്ടാം മത്സരത്തില്‍ അതിന് സാധിച്ചില്ല. ഷഹീന്‍ അഫ്രിദിയും നസീം ഷായും ഹാരിസ് റൗഫും അടങ്ങുന്ന പേസ് നിരയെ അടിച്ചുകൂട്ടിയതാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റര്‍മാര്‍ തരംഗമാകുന്നത്.
ആദ്യ മത്സരത്തില്‍ 18 റണ്‍സ് മാത്രമെടുത്ത് ടീമിന്റെ ടോപ് സ്‌കോററായിരുന്ന റഹ്‌മാനുള്ള ഗുര്‍ബാസ് തന്നെയാണ് രണ്ടാം മത്സരത്തിലും വെടിക്കെട്ടിന് തിരികൊളുത്തിയത്. 122ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഗുര്‍ബാസ് ക്രീസില്‍ തുടരുന്നത്. താരത്തിന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്.
നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 123 പന്തില്‍ നിന്നും നൂറ് റണ്‍സുമായി റഹ്‌മാനുള്ള ഗുര്‍ബാസും 89 പന്തില്‍ 68 റണ്‍സുമായി ഇബ്രാഹിം സദ്രാനുമാണ് ക്രീസില്‍ തുടരുന്നത്. പാക് ബൗളര്‍മാരെ ആക്രമിച്ചുകളിക്കുന്ന സദ്രാനും സെഞ്ച്വറി നേട്ടത്തിനരികിലാണ്.
ആദ്യ മത്സരത്തില്‍ 59 റണ്‍സിന് പുറത്തായ അഫ്ഗാനിസ്ഥാന്റെ മടങ്ങി വരവില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. ഒറ്റ ദിവസത്തിന്റെ ഇടവേളയില്‍ ടീമിന് സംഭവിച്ച മാറ്റമെന്തെന്നാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്.
രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ എത്തിയ പാകിസ്ഥാന് മുമ്പില്‍ പൊരുതാനുറച്ച് തന്നെയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങിയിരിക്കുന്നത്.
പാകിസ്ഥാന്‍ ഇലവന്‍
ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഒസാമ മിര്‍, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്.
അഫ്ഗാനിസ്ഥാന്‍ ഇലവന്‍
റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റിയാസ് ഹസന്‍, ഹസ്മതുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷാഹിദുള്ള, മുജീബ് ഉര്‍ റഹ്‌മാന്‍, അബ്ദുള്‍ റഹ്‌മാന്‍, ഫസലാഖ് ഫാറൂഖി.
Content highlight: Afghanistan batter’s brilliant comeback against Pakistan