| Wednesday, 8th January 2025, 2:35 pm

ലോകകപ്പിലെ ഇന്ത്യന്‍ ഇതിഹാസത്തിന്റെ റോളില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക് ഇതിഹാസം; ഞെട്ടിക്കാന്‍ അഫ്ഗാനിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക് ഇതിഹാസ താരം യൂനിസ് ഖാനെ മെന്ററായി നിയമിച്ച് അഫ്ഗാനിസ്ഥാന്‍. ടൂര്‍ണമെന്റിന് മുമ്പ് നടക്കുന്ന ക്യാമ്പുകളിലും യൂനിസ് ഖാന്‍ ടീമിനൊപ്പം ചേരുമെന്നും ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ അദ്ദേഹം അഫ്ഗാനിസ്ഥാനൊപ്പമുണ്ടായിരിക്കുമെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

പാകിസ്ഥാന്‍ സാഹചര്യങ്ങളില്‍ യൂനിസ് ഖാന്റെ സേവനം ടീമിന് ഏറെ ഗുണം ചെയ്‌തേക്കും. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന മികച്ച പ്രകടനത്തിനൊപ്പം പാക് സാഹചര്യങ്ങളെ കുറിച്ച് കൃത്യമായി അറിയുന്ന യൂനിസ് ഖാന്റെ മേല്‍നോട്ടം കൂടിയുണ്ടാകുമ്പോള്‍ ഷാഹിദിയും സംഘവും കൂടുതല്‍ ശക്തരാകും.

ടെസ്റ്റ് ഫോര്‍മാറ്റില്‍ പാകിസ്ഥാനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് യൂനിസ് ഖാന്‍. 118 മത്സരത്തില്‍ നിന്നും 52.05 ശരാശരിയില്‍ 10,099 റണ്‍സ് നേടിയ യൂനിസ് ഖാന്‍ മാത്രമാണ് റെഡ് ബോളില്‍ പാകിസ്ഥാനായി 10,000 റണ്‍സ് മാര്‍ക് പിന്നിട്ടത്.

അതേസമയം, ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബി-യിലാണ് അഫ്ഗാനിസ്ഥാന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക ടീമുകളാണ് ഗ്രൂപ്പ് ബി-യിലുള്ളത്.

ഫെബ്രുവരി 21നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. പ്രോട്ടിയാസാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്റെ മത്സരങ്ങള്‍ (ഗ്രൂപ്പ് ഘട്ടം)

ആദ്യ മത്സരം: ഫെബ്രുവരി 21 vs സൗത്ത് ആഫ്രിക്ക, നാഷണല്‍ സ്റ്റേഡിയം കറാച്ചി

രണ്ടാം മത്സരം: ഫെബ്രുവരി 26 vs ഇംഗ്ലണ്ട്, ഗദ്ദാഫി സ്റ്റേഡിയം ലാഹോര്‍

മൂന്നാം മത്സരം: ഫെബ്രുവരി 28, vs ഓസ്‌ട്രേലിയ, ഗദ്ദാഫി സ്റ്റേഡിയം ലാഹോര്‍

2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ അജയ് ജഡേജയായിരുന്നു അഫ്ഗാന്റെ മെന്ററായി എത്തിയത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാനും ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനും അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.

ലോകകപ്പിലെ സേവനങ്ങള്‍ക്ക് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌നേഹസമ്മാനം ഏറ്റവുവാങ്ങുന്ന അജയ് ജഡേജ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമീപം

കളിച്ച ഒമ്പത് മത്സരത്തില്‍ നാല് ജയവുമായി ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും മറികടന്ന് ആറാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍ ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടും പാകിസ്ഥാനും അടക്കമുള്ള ടീമുകളെ പരാജയപ്പെടുത്താനും അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.

Content Highlight: Afghanistan appointed Younis Khan as the mentor for the Champions Trophy 2025

We use cookies to give you the best possible experience. Learn more