| Thursday, 14th September 2023, 10:45 am

അട്ടിമറിക്കാന്‍ ഞെട്ടിപ്പിക്കാന്‍ അഫ്ഗാന്‍ പടയിതാ എത്തുന്നേ; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. ഹസ്മത്തുള്ള ഷാഹിദിയെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയും മൂന്നംഗ റിസര്‍വ് താരങ്ങളെയുമാണ് അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവനിരയും അടങ്ങുന്നതാണ് അഫ്ഗാന്റെ ലോകകപ്പ് സ്‌ക്വാഡ്. റഹ്മുള്ള ഗുര്‍ബാസ്, ഇബ്രാഹീം സദ്രാന്‍ എന്നിവര്‍ക്കൊപ്പം പരിചയസമ്പന്നനായ മുഹമ്മദ് നബി അടക്കമുള്ള താരങ്ങളാണ് അഫ്ഗാന്‍ സിംഹങ്ങളുടെ ബാറ്റിങ് ലൈന്‍ അപ്പിലെ പ്രധാനികള്‍. റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ബൗളിങ് നിരയില്‍ കരുത്താകും.

ഏഷ്യാ കപ്പിലെ നാല് താരങ്ങള്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്തായിട്ടുണ്ട്. കരീം ജന്നത്, ഗുലാബ്ദീന്‍ നയീബ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, സുലൈമാന്‍ സാഫി എന്നിവരാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും ലോകകപ്പ് സ്‌ക്വാഡിലേക്കെത്തിയപ്പോള്‍ ഇടം നഷ്ടമായ താരങ്ങള്‍. ഇതില്‍ നയീബും ഷറഫുദ്ദീനും റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

പരിക്കേറ്റ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നഷ്ടമായ അസ്മത്തുള്ള ഒമറാസിയാണ് ലോകകപ്പ് ടീമില്‍ ഇടം നേടിയ മറ്റൊരു പ്രധാന താരം. 2021ല്‍ അവസാന ലിസ്റ്റ് എ മത്സരം കളിച്ച നവീന്‍ ഉള്‍ ഹഖും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

നവീന്‍ ഉള്‍ ഹഖ് ലോകകപ്പ് സക്വാഡില്‍ ഇടം പിടിച്ചതില്‍ വിരാട് ആരാധകരാണ് ഏറെ ആവേശത്തിലായിരിക്കുന്നത്. ഐ.പി.എല്ലില്‍ വിരാടും നവീനും തമ്മിലുള്ള പടലപ്പിണക്കങ്ങളും പിന്നാലെയുള്ള ‘മാങ്ങ പോസ്റ്റുകളും’ സോഷ്യല്‍ മീഡിയയില്‍ കത്തി നിന്നിരുന്നു. ഇതില്‍ വിരാട് മറുപടി നല്‍കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ മുഹമ്മദ് നബിക്കും റാഷിദ് ഖാനും പുറമെ മുജീബ് ഉര്‍ റഹ്മാനും നൂര്‍ അഹമ്മദുമാണ് സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിനെ നയിക്കുക. ഏറെ നാളിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ നവീന്‍ ഉള്‍ ഹഖ്, ഫസലാഖ് ഫാറൂഖി, അബ്ദുള്‍ റഹ്മാന്‍, അസ്മത്തുള്ള ഒമറാസി എന്നിവരാണ് പേസ് നിരയില്‍ കരുത്താവുക.

അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സ്‌ക്വാഡ്:

ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹീം സദ്രാന്‍, രിയാസ് ഹസന്‍, റഹ്മത് ഷാ, നജീബുല്‌ള സദ്രാന്‍, മുഹമ്മദ് നബി, ഇക്രം അലിഖില്‍, അസ്മത്തുള്ള ഒമറാസി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസലാഖ് ഫാറൂഖി, അബ്ദുള്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്.

റിസര്‍വ് താരങ്ങള്‍:

ഗുലാബ്ദീന്‍ നയീബ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഫരീദ് അഹമ്മദ് മാലിക്.

Content highlight: Afghanistan announces World Cup squad

Latest Stories

We use cookies to give you the best possible experience. Learn more