സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. ഹസ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തില്‍ 17 അംഗ സ്‌ക്വാഡിനെയാണ് അഫ്ഗാനിസ്ഥാന്‍ സൗത്ത് ആഫ്രിക്ക കീഴടക്കാന്‍ അയക്കുന്നത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദിയാകുന്നത്. സെപ്റ്റംബര്‍ 18നാണ് പരമ്പരയിലെ ആദ്യ മത്സരം.
സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്‍ ഇല്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ പിന്നോട്ട് വലിച്ചിരിക്കുന്നത്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്ത മുജീബ് ഉര്‍ റഹ്‌മാന്റെ സേവനവും അറ്റ്‌ലസ് ലയണ്‍സിന് നഷ്ടമാകും.
ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുള്‍ മാലിക്കിനെയാണ് സദ്രാന്റെ പകരക്കാരനായി സ്‌ക്വാഡിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഡാര്‍വിഷ് റസൂലിയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അയര്‍ലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ പരിക്കേറ്റ് പുറത്തായിരുന്ന റാഷിദ് ഖാനും സ്‌ക്വാഡിന്റെ ഭാഗമാണ്.
നിലവില്‍ ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന വണ്‍ ഓഫ് ടെസ്റ്റിന്റെ ഭാഗമായി ഇന്ത്യയിലാണ് അഫ്ഗാനിസ്ഥാന്‍. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നും മോശം കാലാവസ്ഥ മൂലം ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
മോശം കാലാവസ്ഥയെക്കാള്‍ ഗ്രേറ്റര്‍ നോയ്ഡയിലൊരുക്കിയ പരിമിതമായ സൗകര്യങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. അഫ്ഗാന്‍ താരങ്ങള്‍ക്ക് പ്രാക്ടീസിന് പോലും മതിയായ സൗകര്യങ്ങളൊരുക്കാന്‍ ഹോം ക്രിക്കറ്റ് ബോര്‍ഡ് പരാജയപ്പെട്ടു.
ഇതിനൊപ്പം തന്നെ താരങ്ങള്‍ക്ക് ഭക്ഷണത്തുള്ള പാത്രം വാഷ്‌റൂമിലെ വെള്ളമുപയോഗിച്ച് കഴുകിയ ചിത്രം പുറത്തുവന്നതും വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഗ്രേറ്റര്‍ നോയ്ഡയില്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇനി ഇവിടേയ്ക്ക് വരാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
‘ഇവിടെ ഒരു തരത്തിലുമുള്ള സൗകര്യങ്ങളുമില്ല. ഇവിടേയ്ക്ക് ഞങ്ങള്‍ ഇനിയൊരിക്കലും വരില്ല. ഞങ്ങള്‍ ലഖ്നൗവിന് (എകാന സ്റ്റേഡിയം) ആയിരിക്കും മുന്‍ഗണന നല്‍കുക.
ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ഇവിടെ തെറ്റായ രീതിയിലാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിട്ടുള്ളത്. ട്രെയ്നിങ്ങിനായുള്ള സൗകര്യങ്ങള്‍ അടക്കം ഇല്ലാത്തതില്‍ താരങ്ങളും അതൃപ്തരാണ്,’ അദ്ദേഹം പറഞ്ഞു.
ഈ അതൃപ്തി വരും മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ പുറത്തെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ക്യാപ്റ്റന്‍ ഷാഹിദിക്കൊപ്പം എന്തിനും പോന്നവരായി മുഹമ്മദ് നബിയും റാഷിദ് ഖാനും ഗുല്‍ബദീന്‍ നയീബും അടക്കമുള്ളവര്‍ അണിനിരക്കുമ്പോള്‍ അഫ്ഗാനിസ്ഥാനെ ഭയക്കാതെ തരമില്ല.
അഫ്ഗാനിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പര
ആദ്യ ഏകദിനം – സെപ്റ്റംബര്‍ 18, ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
രണ്ടാം ഏകദിനം – സെപ്റ്റംബര്‍ 20, ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
മൂന്നാം ഏകദിനം – സെപ്റ്റംബര്‍ 22, ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
Content highlight: Afghanistan announces squad for ODI series against South Africa