ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍
India
ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 9:41 am

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 23 മുതല്‍ പൂര്‍ണമായി അവസാനിപ്പിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിറക്കി അഫ്ഗാനിസ്ഥാന്‍ എംബസി. അഫ്ഗാന്‍ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇത് പിന്നീട് താലിബാന് വിട്ട് നല്‍കണോ എന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ തീരുമാനം രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ നയങ്ങളിലും താത്പര്യങ്ങളിലും ഉണ്ടായ മാറ്റത്തിന്റെ ഫലമാണ്. തലിബാനിലേക്ക് കൂറുമാറിയ നയതന്ത്രജ്ഞരുള്‍പ്പെട്ട നീക്കത്തെ അഭ്യന്തര സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയാമെന്ന് എംബസി പറഞ്ഞു.

പ്രവര്‍ത്തന കാലയളവില്‍ തങ്ങളെ മനസ്സിലാക്കിയതിനും പിന്തുണച്ചതിനും ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാരോട് എംബസി നന്ദി അറിയിച്ചു.

അധികാരത്തിലും സ്രോതസ്സുകളിലും പരിമിതി ഉണ്ടായിരുന്നിട്ടും, അഫ്ഗാനിസ്ഥാനിലെ നിയമാനുസൃതമായ ഒരു ഗവണ്‍മെന്റിന്റെ അഭാവത്തില്‍ പോലും പൗരന്മാരുടെ പുരോഗതിക്കായി അശ്രാന്തം പ്രവര്‍ത്തിച്ചതായി എംബസി പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷവും മൂന്നുമാസവും കൊണ്ട് അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളും, വിദ്യാര്‍ത്ഥികളും, വ്യാപാരികളും, രാജ്യം വിട്ടതോടെ ഇന്ത്യയിലെ അഫ്ഗാന്‍ സമൂഹത്തില്‍ ഗണ്യമായ കുറവുണ്ടായതായി എംബസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഈ കാലയളവില്‍ വളരെ പരിമിതമായ മാത്രമേ പുതിയ വിസ അനുവദിച്ചിട്ടുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ ചരിത്രപരമായ ഉപയകക്ഷി ബന്ധങ്ങളുടെ അടിസ്ഥാനത്തിന്‍ സുതാര്യതയോടെയും ഉത്തരവാദിത്വത്തോടെയും നീതിയുക്തമായുമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് അഫ്ഗാന്‍ സമൂഹത്തിന് ഉറപ്പ് നല്‍കുന്നു,’ എംബസി പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍ താലിബാന്‍ നിയമിച്ചതും അഫിലിയേറ്റ് ചെയ്തതുമായ നയതന്ത്രങ്ങളുടെ സാന്നിധ്യം കാരണം ഞങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനും നയതന്ത്രങ്ങളെ തടസ്സപ്പെടുത്താനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ വെല്ലുവിളികളിലും ഞങ്ങളുടെ ടീം പ്രതിബന്ധതയോടെ പ്രവര്‍ത്തിച്ചു. മാനുഷിക സഹായവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതും വ്യാപാരം സുഗമമാക്കാനും ശ്രമങ്ങള്‍ നടത്തി. 22 വര്‍ഷമായി അഫ്ഗാനിസ്ഥാന് നല്‍കിയ പിന്തുണയ്ക്കും സഹായത്തിന് ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു,’ പ്രസ്താവനയില്‍ എംബസി പറഞ്ഞു.

content highlight : Afghanistan announces permanent closure of Indian embassy