| Wednesday, 21st December 2022, 3:39 pm

അള്ളാഹു നല്‍കിയ അവകാശമാണ് താലിബാന്‍ ഇല്ലാതാക്കുന്നത്; വിദ്യാഭ്യാസം നിഷേധിച്ച നടപടിക്കെതിരെ അഫ്ഗാന്‍ പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം. സ്ത്രീ അവകാശ പ്രവര്‍ത്തകരും സംഘടനകളുമാണ് പ്രതിഷേധവുമായെത്തിയത്.

കാബൂളിന്റെ വിവിധയിടങ്ങളിലായിരുന്നു ചെറിയ ഗ്രൂപ്പുകളിലായി പ്രതിഷേധം നടന്നത്. ‘സര്‍വകലാശാലകളില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കിയതിനെതിരെ ശബ്ദമുയര്‍ത്താനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്,’ എന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.

അഫ്ഗാനിസ്ഥാന്‍ വുമണ്‍സ് യൂണിറ്റി ആന്‍ഡ് സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍, ഇവര്‍ പ്രകടനം തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ തന്നെ താലിബാന്‍ സൈനികരെത്തി സമരം അടിച്ചമര്‍ത്തി.

താലിബാന്‍ നടപടിയില്‍ നിരാശയും ആശങ്കയും പങ്കുവെച്ച് വിദ്യാര്‍ത്ഥിനികളും രംഗത്തുവന്നിട്ടുണ്ട്. ഭാവിയിലേക്കുള്ള ഒരേയൊരു പാലമാണ് അവര്‍ തകര്‍ത്തത് എന്നാണ് ബി.ബി.സിക്ക് നല്‍കിയ പ്രതികരണത്തില്‍ കാബൂള്‍ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞത്.

‘ഇതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്കറിയില്ല. പഠിക്കാമെന്നും എന്റെ ഭാവിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാമെന്നും ഞാന്‍ വിശ്വസിച്ചു. പക്ഷെ അവരതെല്ലാം നശിപ്പിച്ചു,’ വിദ്യാര്‍ത്ഥിനി പറഞ്ഞു.

ഇസ്‌ലാമിക് നിയമങ്ങളനുസരിച്ചില്ല താലിബാന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ശരീഅത്ത് പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞത്. തനിക്കെല്ലാമെല്ലാം നഷ്ടമായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇസ്‌ലാമും അള്ളാഹുവും നല്‍കിയ അവകാശങ്ങള്‍ക്കെതിരാണ് താലിബാന്റെ ഈ നടപടി. മറ്റ് ഇസ്‌ലാമിക് രാജ്യങ്ങളിലേക്ക് ഈ താലിബാനികള്‍ ഒന്ന് പോയിനോക്കണം. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ അവര്‍ക്ക് മനസിലാകും,’ വിദ്യാര്‍ത്ഥിനി പറഞ്ഞു.

നേരത്തെ സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
പുതിയ നടപടിപ്രകാരം നിലവില്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും പുറത്താകും.

അഫ്ഗാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളെ വിലക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.

‘സ്ത്രീകളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയാണ്. ഇത് ഉടനടി നടപ്പിലാക്കണം. പുതിയ ഒരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരും,’ വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ സര്‍വകലാശാലകളിലേക്കും ഈ ഉത്തരവ് എത്തിയിട്ടുണ്ട്.

ഏകദേശം മൂന്ന് മാസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളിലേക്ക് പ്രവേശന പരീക്ഷ നടന്നത്. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും വിവിധ വിഷയങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

വെറ്റിനറി സയന്‍സ്, എഞ്ചിനീയറിങ്, ഇക്കണോമിക്സ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ക്കായിരുന്നു വിലക്ക്. താലിബാന്‍ അനുവദിച്ച വിഷയങ്ങളിലേക്കുള്ള പരീക്ഷകള്‍ മാത്രമേ പെണ്‍കുട്ടികള്‍ക്ക് എഴുതാന്‍ കഴിയുമായിരുന്നുള്ളു.

2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ തീവ്ര സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന്‍ നടപ്പിലാക്കിയിരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികളാക്കിയിരുന്നു.

പാര്‍ക്കുകള്‍, വിനോദോത്സവങ്ങള്‍, ജിമ്മുകള്‍, പബ്ലിക് ബാത്തുകള്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ പുറത്താക്കുന്നതിന് വേണ്ടി ശമ്പളം വെട്ടികുറക്കുന്ന നടപടിയുംതാലിബാന്‍ സ്വീകരിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കണമെന്നും ബന്ധുവായ ഒരു പുരുഷനോടൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നുമുള്ള ഉത്തരവും താലിബാന്‍ കഴിഞ്ഞ മാസങ്ങളിലായി ഇറക്കിയിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് അഫ്ഗാനിസ്ഥാന്റെ ഇക്കോണമിയെ ഇപ്പോള്‍ താങ്ങിനിര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതടക്കമുള്ള നടപടികളെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഈ സഹായങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലെ വിലക്ക് കൂടിയാകുന്നതോടെ താലിബാനെതിരെ അന്താരാഷ്ട്ര ലോകം നിലപാട് കടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Afghan women against the ban of girls in universities by Taliban

Latest Stories

We use cookies to give you the best possible experience. Learn more