| Tuesday, 17th August 2021, 6:58 pm

താലിബാന്റെ കണ്ണുവെട്ടിച്ച്, ആണ്‍വേഷം കെട്ടി ജീവിച്ച പത്ത് വര്‍ഷങ്ങള്‍; വീണ്ടും ചര്‍ച്ചയായി അഫ്ഗാന്‍ യുവതി നാദിയയുടെ ജീവിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന്‍ സ്ത്രീകള്‍ നേരിടാന്‍ പോകുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളുടെയും അവകാശലംഘനങ്ങളുടെയും കഥകളാണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനിടയില്‍ നാദിയ ഗുലാം എന്ന അഫ്ഗാന്‍ യുവതിയുടെ ജീവിതകഥ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണ്.

സ്ത്രീകളെ ജോലിക്ക് പോകാന്‍ അനുവദിക്കാത്തതിനാല്‍ പത്ത് വര്‍ഷത്തോളമാണ് നാദിയ ആണ്‍വേഷത്തില്‍ ജീവിച്ച് കുടുംബത്തിന് വേണ്ടി അന്നത്തിനുള്ള വക കണ്ടെത്തിയത്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ തൊണ്ണൂറുകളിലായിരുന്നു ഇത്തരത്തിലൊരു ജീവിതം നാദിയക്ക് നയിക്കേണ്ടി വന്നത്. മരിച്ചുപോയ സഹോദരനായിട്ടായിരുന്നു നാദിയ വേഷം മാറിയിരുന്നത്.

എട്ട് വയസ്സുള്ളപ്പോഴാണ് നാദിയയുടെ ജീവിതം മാറിമറിയുന്നത്. അന്ന് നാദിയവും കുടുംബവും താമസിച്ചിരുന്ന വീടിന് മുകളില്‍ താലിബാന്‍ ഭീകരരുടെ ബോംബ് പതിച്ചു. അന്നാണ് നാദിയക്ക് തന്റെ സഹോദരനെ നഷ്ടമാകുന്നത്. അന്ന് ആ എട്ടു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. മുഖവും കൈയ്യും കാലുമെല്ലാം ചോരയില്‍ കുതിര്‍ന്നു.

ആ നിമിഷമാണ് യുദ്ധത്തിനു നടുവില്‍ ജീവിക്കുകയെന്നാല്‍ എന്താണെന്ന് തനിക്ക് മനസിലായതെന്ന് നാദിയ പിന്നീട് പറഞ്ഞിട്ടുണ്ട്. യുദ്ധം എങ്ങനെയാണ് മനുഷ്യജീവിതങ്ങളെ തകര്‍ത്തെറിയുന്നതെന്ന് അന്ന് താന്‍ കണ്‍മുന്നില്‍ കണ്ടുവെന്നായിരുന്ന നാദിയയുടെ വാക്കുകള്‍.

‘അന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി ഞാന്‍ മാത്രമായിരുന്നില്ല. എന്നേക്കാള്‍ ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് കുട്ടികള്‍ അവിടെയുണ്ടായിരുന്നു,’ നാദിയ പറയുന്നു.

പിന്നീട് ആശുപത്രിയില്‍ നിന്ന് പുറത്തുവന്ന നാദിയ ഒരു കാര്യം തീരുമാനിച്ചു, കുടുംബത്തെ നോക്കണം. അതല്ലാതെ നാദിയക്ക് മുന്‍പില്‍ മറ്റു മാര്‍ഗങ്ങളുമില്ലായിരുന്നു.

സ്ത്രീകളെ വീടിന്റെ അകത്തളങ്ങളില്‍ മാത്രം പൂട്ടിയിടാന്‍ തീരുമാനിച്ച താലിബാന്‍ നിയമങ്ങളുടെ കണ്ണുവെട്ടിച്ച്, നാദിയ തെരുവുകളിലേക്കിറങ്ങി. കിട്ടിയ ജോലികള്‍ ചെയ്ത് കുടുംബം നോക്കി.

‘എന്റെ പിതാവിന് വയ്യായിരുന്നു. ഇപ്പോഴും യുദ്ധങ്ങളും ആക്രമണങ്ങളും സൃഷ്ടിച്ച ട്രോമയിലാണ് അദ്ദേഹം. എന്റെ സഹോദരന്‍ മരിച്ചു. എന്റെ കുടുംബത്തിന് വേണ്ടി എനിക്കെന്തെങ്കിലും ചെയ്‌തേ മതിയാകുമായിരുന്നുള്ളു.

പതിനൊന്ന് വയസായിരുന്നു എനിക്ക് അന്ന്. ഒരൊറ്റ ദിവസത്തേക്ക് വേണ്ടിയായിരുന്നു അന്ന് ആണ്‍വേഷത്തില്‍ പുറത്തിറങ്ങിയത്. നാളെത്തോടെ കാര്യങ്ങളെല്ലാം മാറുമെന്നായിരുന്നു ആ ചിന്ത. പക്ഷെ, അന്ന് കെട്ടിയ ആ വേഷം പത്ത് വര്‍ഷം തുടര്‍ന്നു,

പല തവണ ഞാന്‍ പിടിക്കപ്പെടേണ്ടതായിരുന്നു. പക്ഷെ, എന്തോ അത്ഭുതം കൊണ്ട് അവസാന നിമിഷത്തില്‍ അവര്‍ക്കതിന് സാധിക്കാതെ പോയി,’ നാദിയ പറയുന്നു.

താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാന്‍ പുരുഷന്മാരും അത്ര എളുപ്പമുള്ള ജീവിതമല്ല നയിക്കുന്നതെന്നാണ് നാദിയ പറയുന്നത്. ഒരുപക്ഷെ ഇക്കാര്യം പറയുന്ന ഏക അഫ്ഗാന്‍ സ്ത്രീ താനായിരിക്കാമെന്നും നാദിയ മാധ്യമങ്ങളോട് പറയുന്നു.

‘അവരുടെ തൊട്ടടുത്ത് മരണമുണ്ട്. ഏതു നിമിഷവും ബോംബ് പതിക്കാം. ചാവേര്‍ ആക്രമണമുണ്ടാകാം. തീവ്രവാദികള്‍ അഴിഞ്ഞാടുന്ന തെരുവുകളിലൂടെ സഞ്ചരിച്ച് വേണം അവര്‍ക്ക് കുടുംബം പുലര്‍ത്താനുള്ള വക കണ്ടെത്താന്‍,’ നാദിയയുടെ വാക്കുകള്‍.

പത്ത് വര്‍ഷത്തോളം ആണ്‍വേഷത്തില്‍ തുടര്‍ന്ന നാദിയ ഒരു മസ്ജിദില്‍ സഹായിയായി ജോലി നേടി. പതിനാറാം വയസില്‍ തന്റെ പഠനം പുനരാരംഭിച്ചു. പിന്നീട് 2001ല്‍ അഫ്ഗാനില്‍ താലിബാനെതിരെ അമേരിക്ക രംഗത്തുവന്നതോടെ നാദിയയുടെ കഥ പുറംലോകമറിഞ്ഞു.

2003ല്‍ ഒസാമ എന്ന പേരില്‍ നാദിയയുടെ ജീവിതം സിനിമയായി. 2006ല്‍ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നാദിയയെ സ്‌പെയിനിലെത്തിച്ചു. ബാഴ്‌സിലോണയിലാണ് ഇപ്പോള്‍ നാദിയ താമസിക്കുന്നത്.

വിവിധ സര്‍വകലാശാലകളില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം നേടുന്നതിനൊപ്പം എട്ടാം വയസിലുണ്ടായ ആക്രമണത്തിന്റെ മുറിപ്പാടുകള്‍ മായ്ക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ നടത്താനും നാദിയക്ക് അവസരം ലഭിച്ചു.

ദ സീക്രട്ട് ഓഫ് മൈ ടര്‍ബന്‍ എന്ന പേരില്‍ നാദിയ തന്റെ ജീവിതം പുസ്തമാക്കിയിരുന്നു. 2016ല്‍ ബ്രിഡ്ജ്‌സ് ഫോര്‍ പീസ് എന്ന എന്‍.ജി.ഒയ്ക്ക് രൂപം നല്‍കിയ നാദിയ അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്ക് വേണ്ടിയും സ്‌പെയിനിലെത്തുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Afghan woman Nadia Ghulam dressed up as a man for 10 years to help her family in Taliban ruled Afghanistan

We use cookies to give you the best possible experience. Learn more