ന്യൂദല്‍ഹി: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാന്‍ നെട്ടോട്ടമോടുകയാണ് അഫ്ഗാന്‍ ജനത. തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് നിന്നും രക്ഷപ്പെടാനാണ് അഫ്ഗാന്‍ ജനത ശ്രമിക്കുന്നത്.
അഫ്ഗാനില്‍ നിന്നും നിരവധി പേര്‍ ഇന്ത്യയിലും അഭയം തേടിയെത്തിയിട്ടുണ്ട്. ന്യൂദല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ അഫ്ഗാന്‍ പൗരന്മാര്‍ നിറഞ്ഞ കണ്ണുകളോടെയാണ് തങ്ങളുടെ ജന്മനാടിനെ പറ്റി സംസാരിക്കുന്നത്.
‘ലോകം അഫ്ഗാനിസ്ഥാനെ കയ്യൊഴിഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്റെ സുഹൃത്തുക്കള്‍ കൊല ചെയ്യപ്പെടാന്‍ പോകുകയാണ്. ഞങ്ങളെയും അവര്‍ കൊല്ലും. ഞങ്ങളുടെ സ്ത്രീകള്‍ക്ക് ഇനി അഫ്ഗാനില്‍ ഒരു അവകാശവും ഉണ്ടാകില്ല,’ കാബൂളില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയ സ്ത്രീ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങവേ മാധ്യമങ്ങളോട് പറഞ്ഞു.
അഫ്ഗാന്‍ പൗര സംസാരിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ സംസാരിക്കാനാകാതെ ഇവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പോകുന്നതും വീഡിയോയിലുണ്ട്.
അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലിരുന്ന സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വകലാശാലകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേടിയെടുത്ത സാമൂഹ്യമുന്നേറ്റവും പുരോഗതിയുമെല്ലാം ഇനി തകിടം മറിയുമെന്നാണ് അഫ്ഗാന്‍ സംവിധായിക സഹ്റാ കരിമി പറഞ്ഞത്.
‘താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തി.
താലിബാന്‍ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിലെ സര്‍വകലാശാലയില്‍ 50% സ്ത്രീകളായിരുന്നു. ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന്‍ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കുകയും 2 ദശലക്ഷം പെണ്‍കുട്ടികള്‍ വീണ്ടും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു,’ സഹ്‌റ കരിമി എഴുതിയ തുറന്ന കത്തില്‍ പറയുന്നു.
ലോകം സാധാരണക്കാരായ അഫ്ഗാനിസ്ഥാന്‍ ജനങ്ങളോടൊപ്പം നിലകൊള്ളണമെന്നും അവര്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണമെന്ന് അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസൈനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും ചേര്‍ത്തുപിടിക്കുകയും അഫ്ഗാന്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി താലിബാനെ സമ്മര്‍ദത്തിലാക്കുന്ന നീക്കങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ആരംഭിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അഫ്ഗാനിസ്ഥാനെ രക്ഷിക്കണമെന്നും ലോകരാജ്യങ്ങളോട് കൈയ്യൊഴിയെരുതെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാനും അഭ്യര്‍ത്ഥിച്ചിരുന്നു. ആയിരകണക്കിന് നിരപരാധികളും കുട്ടികളും സ്ത്രീകളും കൊല ചെയ്യപ്പെടുകയാണെന്നും നിരവധി കുടുംബങ്ങള്‍ പലായനം ചെയ്‌തെന്നും റാഷിദ് ഖാന്‍ പറഞ്ഞു.
അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാനായി നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിലെത്തി കൊണ്ടിരിക്കുന്നത്. ഇവിടെ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.
തിക്കുംതിരക്കും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് വെടിവെച്ചതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ കാബൂള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് 5 പേര്‍ വെടിയെറ്റു മരിച്ചെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റവെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ താലിബാനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അഫ്ഗാനിലെ സര്‍ക്കാര്‍ പ്രതിനിധികളെയും മറ്റു പ്രമുഖരെയും മാത്രമാണ് അമേരിക്കന്‍ സൈന്യം പോകാന്‍ അനുവദിക്കുന്നതെന്നും സാധാരണക്കാരായ ജനങ്ങളെ തടയുകയാണെന്നുമാണ് അഫ്ഗാന്‍ പൗരന്മാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.
അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റികഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Afghan woman breaks down after reaching in Delhi