വാഷിംഗ്ടൺ: താലിബാനുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെട്ട സമാധാനകരാർ പുനഃപരിശോധിക്കാൻ പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
താലിബാൻ അഫ്ഗാനിൽ അക്രമാസക്തമായ പ്രവർത്തനങ്ങൾ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ബൈഡൻ നിർദേശം നൽകിയിരിക്കുന്നത് എന്നാണ് സൂചനകൾ.
പ്രഡിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ ഇതുമായി ബന്ധപ്പെട്ട് അഫ്ഗാൻ പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി അഫ്ഗാനിൽ അക്രമ സംഭവങ്ങൾ കൂടിയിരുന്നു.
സെപ്തംബർ 11ലെ ആക്രമണത്തിന് ശേഷം താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് യു.എസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തുന്നത്. 2001 മുതൽ യു.എസ് സേനയുടെ സാന്നിധ്യം അഫ്ഗാനിലുണ്ട്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
കാലക്രമേണ അഫ്ഗാനിൽ താലിബാൻ വീണ്ടും ശക്തിപ്പെടുകയായിരുന്നു. 2018 ആയപ്പോഴേക്കും അഫ്ഗാന്റെ മൂന്നിൽ രണ്ട് ഭാഗത്തും താലിബാൻ സാന്നിധ്യം ശക്തമാകുകയും ഇവർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കരാറിന്റെ ഭാഗമായി യു.എസ് താലിബാന് പല വിഷയങ്ങളിലും വഴങ്ങി കൊടുത്തിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ് ബി.ബി.സിയോട് പ്രതികരിച്ചിരുന്നു.
ട്രംപ് ഭരണത്തിൽ ഉണ്ടാക്കിയ അഫ്ഗാൻ താലിബാൻ കരാറിൽ സൈനിക ട്രൂപ്പുകളെ പ്രദേശത്ത് നിന്ന് പിൻവലിക്കുന്നതിനാണ് മുൻഗണന നൽകിയത്. 2020 ഫെബ്രുവരിയിലാണ് ഇത് ഒപ്പുവെക്കുന്നത്.
പതിനാല് മാസത്തിനുള്ളിൽ യു.എസ് ട്രൂപ്പുകളെ അഫ്ഗാനിൽ നിന്നും പിൻവലിക്കുമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. ചരിത്രപരമായ കരാറിന്റെ അടിസ്ഥാനത്തിൽ താലിബാൻ അന്താരാഷ്ട്ര സൈന്യത്തിന് നേരെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സർക്കാരിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയായിരുന്നു.
സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാകണമെങ്കിൽ തങ്ങളുടെ ആയിരകണക്കിന് തടവുകാരെ വിട്ടയക്കണമെന്ന ആവശ്യമായിരുന്നു താലിബാൻ ഉന്നയിച്ചത്.2020 സെപ്തംബറിലാണ് അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ നേരിട്ട് ചർച്ചകൾ ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Afghan war: Biden administration to review Trump’s Taliban deal