സ്‌കൂള്‍ ആക്രമണത്തെ അപലപിച്ച് അഫ്ഗാന്‍ താലിബാന്‍
Daily News
സ്‌കൂള്‍ ആക്രമണത്തെ അപലപിച്ച് അഫ്ഗാന്‍ താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th December 2014, 10:23 am

peshawar attack
കാബൂള്‍: പിഞ്ചു കുഞ്ഞുങ്ങള്‍ക്കെതിരായ പാക് താലിബാന്റെ കിരാത നടപടി തീവ്രവാദി ഗ്രൂപ്പായ അഫ്ഗാന്‍ താലിബാന്റെ മനസിനെയടക്കം നോവിച്ചിരിക്കുകയാണ്. നിഷ്‌കളങ്കരായ കുട്ടികളെയും, സ്ത്രീകളെയും കൊലപ്പെടുത്തുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് നിരക്കാത്തതെന്നാണ് സംഘടനയുടെ വക്താവായ സബീഹുള്ള മുജാഹിദ് പറഞ്ഞത്. ഇക്കാര്യം എല്ലാ ഇസ്‌ലാമിക ശക്തികളും പരിഗണിക്കണമെന്നും സംഘടന പറയുന്നു.

2007ല്‍ സ്ഥാപിതമായിരിക്കുന്ന പാക് താലിബാന്‍ വസീറിസ്താന്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ച് പോരുന്നത്.ആശയപരമായി ഐക്യം പുലര്‍ത്തുന്നുണ്ടെങ്കിലും സംഘടനാപരമായി അഫ്ഗാന്‍ താലിബാനുമായി വ്യത്യസ്തത പുലര്‍ത്തുന്നവരാണ് തെഹ്‌രീകെ താലിബാന്‍. അഫ്ഗാനില്‍ മുല്ല ഉമറിന്റെ കീഴിലാണ് താലിബാന്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പാകിസ്താനില്‍ ഹഖാനി ഗ്രൂപ്പാണ് താലിബാനെ നയിക്കുന്നത്.

അഫ്ഗാന്‍ താലിബാനില്‍ നിന്നും വ്യത്യസ്തമായി പാകിസ്താന്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യമാണ് പാക് താലിബാനുള്ളത്. പാക്കിസ്ഥാനിലെ സമാന സ്വഭാവമുള്ള ഗോത്ര വിഭാഗങ്ങളുമായി ചേര്‍ന്നാണ് പാകിസ്ഥാന്‍ പട്ടാളത്തിനെതിരെ സംഘടന പോരാടുന്നത്. ഇതിനായി സി.ഐ.എ യില്‍ നിന്നുമടക്കം പണം പറ്റുന്നുണ്ടെന്നുമുള്ള ആരോപണങ്ങളും ഇക്കൂട്ടര്‍ക്കെതിരെ നില നില്‍ക്കുന്നുണ്ട്.