അഫ്ഗാനിസ്ഥാന്റെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമാണ് റഹ്‌മാനുള്ള ഗുര്‍ബാസ്. കായികരംഗത്ത് തന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വിരാട് കോഹ്ലിയും എം.എസ് ധോണിയും പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
അഫ്ഗാനിസ്ഥാന്റെ ഓപ്പണര്‍ ആയി കളിക്കുന്ന ഗുര്‍ബാസ് തന്റെ കളി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് മാര്‍ഗ നിര്‍ദേശം തേടിയിട്ടുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ ടി ട്വന്റി ലീഗിന്റെ സമയത്ത് ക്രിക്കറ്റിന്റെ അടുത്തഘട്ടത്തിലേക്ക് മുന്നേറുന്നതിനെ കുറിച്ച് പഠിക്കാന്‍ ഇരു താരങ്ങളുമായി സ്ഥിരമായി ഇടപെടാറുണ്ടെന്ന് കുര്‍ബാസ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
‘എന്റെ ക്രിക്കറ്റ് മെച്ചപ്പെടാന്‍ ഞാന്‍ വിരാട് ഭായില്‍ നിന്നും ധോണി ഭായില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയാറുണ്ട്. ശ്രദ്ധ മെച്ചപ്പെടുത്താനുള്ള നിരവധി ചിന്തകള്‍ എന്റെ മനസ്സില്‍ ഉണ്ട്,’ അദ്ദേഹം പറഞ്ഞു.
അടുത്തിടെ കഴിഞ്ഞ ഇന്ത്യയ്‌ക്കെതിരായ അവസാന ടി ട്വന്റി മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി 32 പന്തില്‍ നിന്നും 50 റണ്‍സ് താരം നേടിയിരുന്നു. ഇത് ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന് ഒപ്പം എത്താന്‍ ടീമിനെ സഹായിച്ചിരുന്നു. പക്ഷെ രണ്ടാം സൂപ്പര്‍ ഓവറില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു.
ഭാവിയില്‍ ഇന്ത്യക്കെതിരെ ധാരാളം മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
‘ഭാവിയില്‍ ഇന്ത്യക്കെതിരെ ധാരാളം പരമ്പരകള്‍ കളിക്കാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Afghan star with disclosure