| Tuesday, 11th January 2022, 12:15 pm

20 വര്‍ഷം മുമ്പുള്ള സ്ത്രീകളല്ല ഇത്; താലിബാനെതിരെ ചുവരെഴുത്ത് പ്രതിഷേധത്തിലേക്ക് മാറി കാബൂള്‍ വനിതകള്‍; നഗരച്ചുവരുകളില്‍ രാത്രികാല മുദ്രാവാക്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രാജ്യത്തെ താലിബാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാവുന്നു. സ്ത്രീകളും ആക്ടിവിസ്റ്റുകളും പ്രതിഷേധവുമായി നേരത്തെ രംഗത്തുവന്നിരുന്നു.

ഇപ്പോള്‍, രാത്രി സമയങ്ങളില്‍ നഗരത്തിലെ ചുവരുകളില്‍ തങ്ങളുടെ പ്രതിഷേധ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും എഴുതിക്കൊണ്ടാണ് തലസ്ഥാനത്തെ വനിതകള്‍ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നത്.

താലിബാന്‍ ഭരിക്കുന്ന ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനുമായി അക്രമത്തിലേര്‍പ്പെടേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായാണ് രാത്രി സമയങ്ങളിലെ ചുവരെഴുത്ത് രീതി പ്രതിഷേധക്കാര്‍ ഏറ്റെടുത്തത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ ജോലി, സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യം, സാമൂഹിക-രാഷ്ട്രീയ ഇടങ്ങളില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളിക്കുന്നത്- എന്നീ അവകാശങ്ങള്‍ മുന്നോട്ട് വെച്ചാണ് പ്രതിഷേധം.

”മുമ്പത്തെ ഞങ്ങളുടെ പ്രതിഷേധം ഭീഷണികളും അക്രമങ്ങളും നേരിട്ടു. അതുകൊണ്ടാണ് ഞങ്ങള്‍ ചുവരെഴുത്ത് രീതിയിലേക്ക് മാറിയത്.

മൗലികമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ പോരാട്ടം. ഇത് തുടരുക തന്നെ ചെയ്യും. നിശബ്ദരായിരിക്കില്ല,” പ്രതിഷേധക്കാരിലൊരാളായ തമന റെസാഇ ടോളോ ന്യൂസിനോട് പ്രതികരിച്ചു.

20 വര്‍ഷം മുമ്പുള്ള സ്ത്രീകളല്ല ഇപ്പോഴുള്ള സ്ത്രീകളെന്നും 1996ല്‍ ആദ്യ താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത സമയത്തെ പരാമര്‍ശിച്ച് ഇവര്‍ പറയുന്നു.

തങ്ങളുടെ, സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇവര്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആഗസ്റ്റ് 15ന് അഫ്ഗാന്റെ ഭരണം ഏറ്റെടുത്തത് മുതല്‍ തന്നെ താലിബാനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.

നേരത്തെ, ചെറിയ ദൂരപരിധിക്കപ്പുറം യാത്ര ചെയ്യുന്ന സ്ത്രീകളെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത പക്ഷം യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും താലിബാന്‍ സര്‍ക്കാരിലെ ‘മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്’ ഉത്തരവിട്ടിരുന്നു.

ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും വാഹന ഉടമകളോട് താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ ടി.വിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സ്ത്രീകള്‍ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്നും താലിബാന്‍ പറഞ്ഞിരുന്നു.

മുന്‍കാല ഭരണത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായിരിക്കും ഇത്തവണ താലിബാന്‍ ഭരണകൂടമെന്നായിരുന്നു അവര്‍ ഭരണം പിടിച്ചെടുത്ത ശേഷം പറഞ്ഞിരുന്നത്. എന്നാല്‍ അതിനെക്കാള്‍ മോശം സ്ഥിതിയിലാണ് അവരുടെ ഓരോ നിലപാടുകളും പുറത്തുവരുന്നതോടെ വ്യക്തമാവുന്നത്.

മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്‌സിന് പകരമായാണ് മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് വകുപ്പ് താലിബാന്‍ സ്ഥാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Afghan’s Kabul women shift protest mode against Taliban write demands on city walls at night

We use cookies to give you the best possible experience. Learn more