| Tuesday, 17th August 2021, 11:55 am

സ്ത്രീകളേയും കുട്ടികളേയും താലിബാന്‍ ഇല്ലാതാക്കും, ഞങ്ങള്‍ നിസ്സഹായരാണ്; പെന്റഗണ്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വികാരാധീനയായി അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയത് ലോകമാകെ ചര്‍ച്ചയാകുമ്പോള്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക നസീറ കരീമിയുടെ വാക്കുകള്‍ എല്ലാവരുടെയും കരളലിയിക്കുകയാണ്.

പെന്റഗണ്‍ പ്രസ്സ് നടത്തിയ വാര്‍ത്താ സമ്മേളനത്തിടെ നിറ കണ്ണുകളോടെ നസീറ സംസാരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയാവുകയാണ്. രാജ്യം വലിയൊരു അരക്ഷിതാവസ്ഥയിലൂടെ പോകുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ഞങ്ങളുടെ പ്രസിഡന്റ് എവിടെ എന്നാണ് കരഞ്ഞുകൊണ്ട് ഏരിയാന ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ടറായ നസീറ ചോദിക്കുന്നത്.

‘ഞാന്‍ വളരെ സങ്കടാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഒരു രാത്രി കൊണ്ട് എന്റെ നാട്ടിലെ സ്ത്രീകള്‍ക്ക് ഇവിടം വിട്ട് പോകണ്ട അവസ്ഥ വന്നിരിക്കുന്നു. താലിബാന്‍ ഞങ്ങളെ ഇല്ലാതാക്കും. അവര്‍ എന്റെ രാജ്യത്തിന്റെ പതാക നശിപ്പിക്കും. ഇതാണ് എന്റെ ഫ്ളാഗ്,’ അഫ്ഗാന്‍ പതാക ആലേഖനം ചെയ്ത മാസ്‌ക് ഉയര്‍ത്തി വികാര നിര്‍ഭരയായി നസീറ പറഞ്ഞു.

അഫ്ഗാനിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും താലിബാന്‍ ഇല്ലാതാക്കുമെന്നും നസീറ കരീമി പറയുന്നു.’ താലിബാന്‍ അവരുടെ ഫ്ളാഗ് ഞങ്ങളുടെ മണ്ണില്‍ ഉയര്‍ത്തിക്കഴിഞ്ഞു. എല്ലാവരും നിസഹായാവസ്ഥയിലാണ്. സ്ത്രീകള്‍ ആശങ്കയിലാണ്. രാജ്യം ഇത്തരമൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞങ്ങളോടൊപ്പം നിന്ന് പ്രതികരിക്കേണ്ടതിന് പകരം പ്രസിഡന്റ് ഘാനി ഓടിപ്പോയി. അദ്ദേഹം എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്കിപ്പോള്‍ പ്രസിഡന്റ് ഇല്ല. ഞങ്ങളുടെ പ്രസിഡന്റ് എവിടെ?’ കരീമി പെന്റഗണ്‍ വക്താവിനോട് ചോദിച്ചു.

‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ക്ക് ഒരുപാട് വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞിരുന്നു. ഇനി ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പ്രസിഡന്റ് പറയണം’

കരീമിയുടെ ഹൃദയ ഭേദകമായ ചോദ്യം പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയേയും വിഷമിപ്പിച്ചു.’എനിക്ക് നിങ്ങളുടെ വിഷമം മനസിലാകുന്നുണ്ട്. പെന്റഗണിലെ ആരും നിങ്ങളുടെ ഈ അവസ്ഥയില്‍ തൃപ്തരല്ല. ഞങ്ങള്‍ എല്ലാവരും അഫ്ഗാനിസ്ഥാനില്‍ വന്നിട്ടുള്ളവരാണ്. താലിബാന്‍ ഭരണം എങ്ങനെയെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഞങ്ങളെല്ലാവരും ഞങ്ങളുടെ പ്രശ്നമായാണ് ഇതിനെ കാണുന്നത്,’ അദ്ദേഹം പ്രതികരിച്ചു.

അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ടിവിയിലൂടെയാണ് മാധ്യമരംഗത്തേക്ക് നസീറ കരീമി എത്തുന്നത്. കാബുള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരിയാന ടെലിവിഷന്‍ നെറ്റ് വര്‍ക്കിലാണ് കഴിഞ്ഞ പതിനാറ് വര്‍ഷമായി നസീറ ജോലി ചെയ്യുന്നത്.

താലിബാനുമായി പ്രശ്നം ഒഴിവാക്കാനും രക്ത ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാനുമായി താന്‍ രാജ്യം വിടുകയാണെന്നായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് ഘാനി രാജ്യം വിട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചത്.

അഫ്ഗാനിസ്ഥാന്‍ അരക്ഷിതാവസ്ഥയിലായതോടെ താലിബാന്‍ അനുകൂലികള്‍ അഫ്ഗാന്‍ തെരുവുകളില്‍ നിലയുറപ്പിറപ്പിച്ചിട്ടുമുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റികഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്. രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ ആക്രമണം ശക്തമാക്കിയതും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് രാജ്യം പിടിച്ചടക്കിയതും.

താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ ജനതയുടെ ശ്രമങ്ങളും വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afghan reporter’s tearful plea to Pentagon

We use cookies to give you the best possible experience. Learn more