| Thursday, 15th September 2016, 9:20 am

തീവ്രവാദം പാമ്പിനെ പോലെ കൊത്തും; താക്കീതുമായി അഫ്ഗാന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തീവ്രവാദികളില്‍ നല്ലവരും മോശക്കാരുമുണ്ടെന്ന പാക്ക് നയത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.


ന്യൂദല്‍ഹി: തീവ്രവാദത്തിനെതിരെ ശക്തമായ താക്കീതുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി.

തീവ്രവാദം പാമ്പിനെ പോലെ കൊത്തുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലസിസ് സംഘടിപ്പിച്ച “ഫിഫ്ത് വേവ് ഓഫ് പൊളിറ്റിക്കല്‍ വയലന്‍സ് ആന്റ് ഗ്ലോബല്‍ ടെററിസം” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ് ഗനി.

തീവ്രവാദികളില്‍ നല്ലവരും മോശക്കാരുമുണ്ടെന്ന പാക്ക് നയത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതത്തെ കൂട്ടുപിടിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

സംസ്‌കാരത്തേയും മതത്തേയും ഒരു ന്യൂനപക്ഷം ഹൈജാക്ക് ചെയ്യാന്‍ അനുവദിച്ചുകൂടാ. ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുന്നില്ല. അത് അപലപിക്കപ്പെടേണ്ടതാണ്. അതിനെതിരെ ഒന്നിച്ച് അണിനിരക്കണം. പാക്കിസ്ഥാനില്‍ അധികം ആരും അറിയാതെ ഒരു യുദ്ധം നടക്കുന്നുണ്ട്. മാധ്യമങ്ങളിലും അത് അധികം വരാറില്ല. രണ്ട് ലക്ഷത്തോളം പാക് സൈന്യമാണ് ഖൈബര്‍ പാക്തുഖുവയിലും ബലൂച്ചിസ്ഥാനിലുമുള്ളത്.

അഫ്ഗാനിസ്ഥാന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണ് ഒരിക്കലും വേദിയാക്കാന്‍ അനുവദിക്കില്ല പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി ഗനി പറഞ്ഞു.

We use cookies to give you the best possible experience. Learn more