| Monday, 2nd August 2021, 9:08 am

ഡാനിഷ് സിദ്ദീഖിയെ കൊലപ്പെടുത്തിയത് താലിബാന്‍ തന്നെ; സ്ഥിരീകരിച്ച് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അഫ്ഗാന്‍ സുരക്ഷാ വിഭാഗം വക്താവ്. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അഫ്ഗാന്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ അജ്മല്‍ ഒമര്‍ ഷിന്‍വാരിയുടെ വെളിപ്പെടുത്തല്‍.

അഫ്ഗാന്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി ഫോഴ്‌സസ് വിഭാഗം ഉദ്യോഗസ്ഥനാണ് അജ്മല്‍. ഡാനിഷ് സിദ്ദീഖിയെ താലിബാന്‍ അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞത്.

‘ഡാനിഷിന്റെ മൃതദേഹം വികൃതമാക്കിയത് സംബന്ധിച്ച വിഷയങ്ങളില്‍ സ്ഥിരീകരണമില്ല. എന്നാല്‍ മൃതദേഹം കണ്ടെത്തിയ പ്രദേശം താലിബാന്‍ നിയന്ത്രണത്തിലുള്ളതാണ്. അന്വേഷണം പുരോഗമിക്കുകയാണ്,’ അജ്മല്‍ പറഞ്ഞു.

ഡാനിഷ് സിദ്ദിഖി താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന വെടിവെപ്പിലല്ല കൊല്ലപ്പെട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിദ്ദിഖിയെ താലിബാന്‍ മനപ്പൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ എക്സാമിനര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ വെച്ചായിരുന്നു മരണം.

സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഡാനിഷ് സഞ്ചരിക്കുകയായിരുന്ന സേനാവ്യൂഹത്തിന് നേരെ ആക്രമണം നടക്കുകയായിരുന്നു. തുടര്‍ന്ന് ടീമിന്റെ കമാന്‍ഡറും കുറച്ച് ട്രൂപ്പുകളും സേനാവ്യൂഹത്തില്‍ നിന്നും വഴി പിരിഞ്ഞുപോയെന്ന് വാഷിംഗ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ഡാനിഷ് സിദ്ദിഖിയെ അടുത്തുള്ള മസ്ജിദില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അവിടെയെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ താലിബാന്‍ തിരിച്ചെത്തി പള്ളിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

സിദ്ദിഖി ഉണ്ടെന്ന് അറിഞ്ഞതുകൊണ്ട് മാത്രമാണ് താലിബാന്‍ പള്ളിയില്‍ ആക്രമണം നടത്തിയതെന്ന് വാഷിംഗ്ട്ണ്‍ എക്സാമിനര്‍ പറയുന്നു. പിന്നീട് ആരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘സിദ്ദിഖിയുടെ ഏറ്റവുമൊടുവില്‍ പുറുത്തുവന്ന ചിത്രങ്ങളില്‍ അദ്ദേഹത്തെ വ്യക്തമായി തിരിച്ചറിയാനാകും. ഇന്ത്യന്‍ സര്‍ക്കാരിലെ ചിലര്‍ വഴി എനിക്ക് സിദ്ദിഖിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചു. അതില്‍ നിന്നും താലിബാന്‍ ഭീകരര്‍ സിദ്ദിഖിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കിയെന്നതും വ്യക്തമാണ്,’ റിപ്പോര്‍ട്ട് തയ്യാറാക്കിയ മൈക്കിള്‍ റൂബിന്‍ പറഞ്ഞു.

ഡാനിഷ് സിദ്ദിഖിയെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത നടപടി യുദ്ധനിയമങ്ങളെ താലിബാന്‍ പരിഗണിക്കുന്നില്ലായെന്നാണ് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാനിഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കമാന്‍ഡറും മറ്റു സൈനികരും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ, സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം താലിബാന്‍ ഭീകരര്‍ മൃതദേഹത്തോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി അഫ്ഗാന്‍ സൈനികന്‍ രംഗത്തെത്തിയിരുന്നു. അഫ്ഗാന്‍ സൈന്യത്തിലെ കമാന്‍ഡറായ ബിലാല്‍ അഹമ്മദ് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഡാനിഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോട് യാതൊരു ആദരവും കാണിക്കാതിരുന്ന താലിബാന്‍ ഭീകരര്‍ അദ്ദേഹത്തിന്റെ ദേഹത്ത് വീണ്ടും മുറിവുകളുണ്ടാക്കിയെന്ന് ബിലാല്‍ പറഞ്ഞു. താലിബാന് ഇന്ത്യക്കാരെ വെറുപ്പാണെന്നും അതുകൊണ്ടാണ് അവര്‍ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും ബിലാല്‍ പറഞ്ഞു.

ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഡാനിഷിന്റെ തലയ്ക്ക് മുകളിലൂടെ അവര്‍ വണ്ടിയോടിച്ച് കയറ്റി. വെടിവെപ്പില്‍ തന്നെ ഡാനിഷിന് മരണം സംഭവിച്ചിരുന്നെന്ന് അവര്‍ക്കറിയാമായിരുന്നെന്നും ബിലാല്‍ പറഞ്ഞിരുന്നു.

പുലിറ്റ്‌സര്‍ പ്രൈസ് ജേതാവും റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറുമായിരുന്നു ഡാനിഷ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കുറിച്ചുള്ള ഫോട്ടോ സീരിസിനായിരുന്നു അദ്ദേഹത്തിന് പുലിറ്റ്സര്‍ പ്രൈസ് ലഭിച്ചത്.

ഇന്ത്യയില്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച പല ചിത്രങ്ങളും ഡാനിഷ് പകര്‍ത്തിയതായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ നിരയായി ദഹിപ്പിക്കുന്ന ദല്‍ഹിയിലെ ശ്മശാനത്തിന്റെ ചിത്രം, ആദ്യ ലോക്ഡൗണില്‍ മകനെ തോളിലേറ്റി സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോകുകയായിരുന്ന അതിഥി സംസ്ഥാന തൊഴിലാളി, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പൊലീസ് നോക്കിനില്‍ക്കേ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ പ്രവര്‍ത്തകന്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്.

താലിബാന്‍ റെഡ് ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷം അദ്ദേഹം പഠിച്ച ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ജൂലൈ 18നായിരുന്നു അടക്കം ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Afghan official confirms Danish Siddiqui was captured and executed by Taliban

We use cookies to give you the best possible experience. Learn more