|

അഫ്ഗാന്റെ സൈനിക വിമാനം ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം.

അഫ്ഗാന്റെ സൈനിക വിമാനം രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അനുവാദമില്ലാതെ കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബക്കിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ബഖ്‌റൂം സുല്‍ഫിക്കറോവ് പറഞ്ഞു.

അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ഉസ്ബക്കിസ്ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്‌സോണ്ടാരിയോ പ്രവിശ്യയില്‍ ഞായറാഴ്ച വൈകീട്ടാണ് ജെറ്റ് തകര്‍ന്നത്. ഞായറാഴ്ച, ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന 84 അഫ്ഗാന്‍ സൈനികരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിരുന്നു.

താലിബാന്‍ പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് ഒരു വിഭാഗം ജനങ്ങള്‍. രാജ്യം വിടാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വിമാനത്താവളങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇതിനിടെ വിമാനത്തിനുള്ളില്‍ കയറാന്‍ ചക്രത്തിനൊപ്പം സ്വയം ബന്ധിച്ച രണ്ട് പേര്‍ താഴേക്ക് വീണുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും ഒരാള്‍ താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇറാനിലെ ഔദ്യോഗിക മാധ്യമമായ ടെഹ്‌റാന്‍ ടൈംസാണ് ഇത് കാബൂളില്‍ നിന്ന് രക്ഷപ്പെടുന്നവരാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനാകാതായതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

തിക്കും തിരക്കും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് അമേരിക്കയുടെ വാദം.

എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജനങ്ങള്‍ക്ക് നേരെയും വെടിവെപ്പുണ്ടായെന്നും ഇവര്‍ പറയുന്നു. വെടിയേറ്റ് കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് അഫ്ഗാന്‍ ജനത ശ്രമിക്കുന്നത്. ഞായറാഴ്ച മുതല്‍ നൂറുക്കണക്കിന് പേരാണ് വിമാനത്താവളങ്ങളില്‍ വന്നുകൊണ്ടിരുന്നത്.

താല്‍ക്കാലികമായി അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിലെ വിമാനത്താവളങ്ങള്‍. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം മടക്കിയെത്തിക്കാനുള്ള ശ്രമങ്ങളും രാജ്യങ്ങള്‍ നടത്തുന്നുണ്ട്.

അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിച്ചു കഴിഞ്ഞു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികളിലാണ്.

സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.

അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afghan Military Plane Crashes In Uzbekistan