കാബൂള്‍: അഫ്ഗാനില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനും റിപ്പോര്‍ട്ട് ചെയ്തതിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ആക്രമണം. എതിലാത് റോസ് എന്ന മാധ്യമസ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് താലിബാന്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്.
തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്ന് എതിലാത് റോസ് എഡിറ്റര്‍ സാകി ദാരിയാബി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
നിഅ്മത്തുള്ള നഖ്ദി, താഖി ദാരിയാബി എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനൊടുവില്‍ താന്‍ കൊല്ലപ്പെടാന്‍ പോകുകയാണെന്നാണ് കരുതിയതെന്നാണ് നഖ്ദി എ.എഫ്.പിയോട് പറഞ്ഞത്.
‘ഒരു പൊലീസുകാരന്‍ അയാളുടെ കാല്‍ എന്റെ തലയില്‍ വെച്ചമര്‍ത്തി. കോണ്‍ക്രീറ്റ് തറയില്‍ വെച്ചുരച്ചു. എന്റെ തലയ്ക്കടിച്ചു,’ നഖ്ദി പറഞ്ഞു.
സ്ത്രീകളുടെ പ്രക്ഷോഭത്തിന്റെ ഫോട്ടോ എടുക്കരുതെന്ന് താലിബാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ ക്യാമറ പൊലീസ് തട്ടിപ്പറിക്കാ ശ്രമിച്ചിരുന്നെന്നും താനത് ജനക്കൂട്ടത്തിനിടയിലേക്ക് എറിയുകയായിരുന്നെന്നും നഖ്ദി കൂട്ടിച്ചേര്‍ത്തു.
മണിക്കൂറുകളോളം തടവിലിട്ട് മര്‍ദ്ദിച്ച ശേഷമാണ് ഇരുവരേയും പുറത്തിറക്കിയത്. നിങ്ങളുടെ തലവെട്ടാതിരുന്നത് ഭാഗ്യമായി കാണൂ എന്നാണ് ഒരു പൊലീസുകാരന്‍ തങ്ങളോട് പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.