ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ എംബസി
World News
ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ എംബസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st October 2023, 9:18 am

ന്യൂദൽഹി: ഇന്ത്യൻ സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഒക്ടോബർ ഒന്നിന് അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധവും ദീർഘകാലത്തെ പങ്കാളിത്തവും പരിഗണിച്ച് വളരെയധികം ചർച്ച ചെയ്ത ശേഷം ഖേദത്തോടെയാണ് തീരുമാനമെടുക്കുന്നത് എന്ന് എംബസി അറിയിച്ചു.

‘നിർഭാഗ്യകരമായ തീരുമാനം’ എടുക്കുവാൻ എംബസിയെ പ്രേരിപ്പിച്ച കാര്യങ്ങളും അവർ വ്യക്തമാക്കി. ചുമതകൾ കൃത്യമായി നിർവഹിക്കുന്നതിന് ഇന്ത്യൻ സർക്കാരിൽ നിന്ന് അത്യാവശ്യമായ പിന്തുണ ലഭിച്ചില്ല എന്നാണ് ആരോപണം. അഫ്ഗാനിസ്ഥാന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്നും ആരോപണമുണ്ട്. നിയപരമായി പ്രവർത്തിക്കേണ്ട അഫ്ഗാൻ സർക്കാരിന്റെ അഭാവവും എംബസി ചൂണ്ടിക്കാട്ടി.

‘ഇന്ത്യയുടെ നയതന്ത്ര പിന്തുണയുടെയും കാബൂളിൽ നിയമത്തിൽ അധിഷ്ഠിതമായ ഒരു സർക്കാരിന്റെയും അഭാവത്തിൽ അഫ്ഗാനിസ്ഥാനെയും അഫ്ഗാൻ ജനതയെയും സേവിക്കുന്നതിനുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു,’ എംബസി അറിയിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥർക്ക് മറ്റു സുപ്രധാന മേഖലകളിലേക്ക് സമയബന്ധിതമായി വിസ പുതുക്കി നൽകിയില്ല എന്നും എംബസി പ്രസ്താവനയിൽ ആരോപിച്ചു.

അഫ്ഗാൻ അംബാസിഡർ ഫാരിദ് മമുൻസെക്കാണ് എംബസിയുടെ ചുമതല. അഷ്‌റഫ്‌ ഗനി സർക്കാർ നിയോഗിച്ച മമുൻസെ, 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോഴും എംബസി പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു.

ഏപ്രിലിൽ മമുൻസെയെ ചുമതലകളിൽ നിന്ന് താലിബാൻ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

1961 ജനീവ കൺവെൻഷൻ പ്രകാരം, എംബസിയുടെ എല്ലാ സംവിധാനങ്ങളും ആതിഥേയ രാജ്യത്തിന്റെ കസ്റ്റഡി അധികാരത്തിലേക്ക് കൈമാറുമെന്നും പ്രസ്താവനയിൽ എംബസി അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ എംബസി പരിസരത്ത് അഫ്ഗാൻ പതാക ഉയർത്തണമെന്നും ഭാവിയിൽ അഫ്ഗാനിലെ നിയമത്തിൽ അധിഷ്ഠിതമായ സർക്കാർ അധികാരത്തിലെത്തുമ്പോൾ എംബസിയുടെ കെട്ടിടങ്ങളും സ്വത്തുക്കളും സുഗമായി കൈമാറണമെന്നും ഉൾപ്പെടെയുള്ള അഭ്യർത്ഥനകൾ കേന്ദ്ര സർക്കാരിനെ എംബസി അറിയിച്ചിരുന്നു.

Content Highlight: Afghan embassy in India announces shut down of operations