അവസാന മത്സരത്തില്‍ യു.എ.ഇ വീണു; അഫ്ഗാനിസ്ഥാന് കിരീടം
Cricket
അവസാന മത്സരത്തില്‍ യു.എ.ഇ വീണു; അഫ്ഗാനിസ്ഥാന് കിരീടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 8:00 am

അഫ്ഗാനിസ്ഥാന്‍-യു.എ.ഇ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വിജയം. നാല് വിക്കറ്റുകള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ യു.എ.ഇയെ തകര്‍ത്തത്. ജയത്തോടെ 2-1ന് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു. എ. ഇ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ യു.എ.ഇയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു അഫ്ഗാന്റെ ബൗളിങ്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.

അഫ്ഗാന്റെ ബൗളിങ് നിരയില്‍ നവീന്‍ ഉള്‍ ഹഖ് നാല് വിക്കറ്റും ഖായിസ് അഹമ്മദ് മൂന്നു വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

അതേസമയം യു.എ.ഇ ബാറ്റിങ്ങില്‍ മുഹമ്മദ് വസീം 27 റണ്‍സും അലി നസീര്‍ 21 റണ്‍സും നേടിക്കൊണ്ട് ഇരുവരും മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 18.3 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

അഫ്ഗാന്റെ ബാറ്റിങ് നിരയില്‍ ഹസ്രത്തുള്ള സസായ് 36 റൺസും നജീബുള്ളാ സദ്രാന്‍ പുറത്താവാതെ 28 റണ്‍സും ഇബ്രാഹിം സദ്രാന്‍ 23 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റിന്റെ വിജയവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു.

യു.എ.ഇ ബൗളിങ്ങില്‍ ജുനൈദ് സിദ്ദിഖ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയിട്ടും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ യു.എ.ഇ തിരിച്ചടിക്കുകയായിരുന്നു. ഇതോടെ ആവേശകരമായ സീരിസ് ഡിസൈഡര്‍ മാച്ച് അഫ്ഗാന്‍ വിജയിക്കുകയും കിരീടം സ്വന്തമാക്കുകയായിരുന്നു.

Content Highlight; Afganisthan won T-20 serias against UAE.