| Wednesday, 15th September 2021, 9:27 pm

അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കി ഒരുമാസം പിന്നിടുന്ന ഘട്ടത്തില്‍ അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയായ തൊര്‍ഖാം വഴിയാണ് ഇവര്‍ പാകിസ്ഥാനില്‍ എത്തിയതെന്നും ഇവരുടെ കൈവശം വ്യക്തമായ യാത്രാരേഖകള്‍ ഉണ്ടായിരുന്നെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.

പാകിസ്ഥാനു വേണ്ടി അണ്ടര്‍-14 , അണ്ടര്‍-16, അണ്ടര്‍-18 ടീമുകളില്‍ കളിച്ച വനിതാ താരങ്ങളാണ് കഴിഞ്ഞ ദിവസം ലാഹോറില്‍ എത്തിയത്.

‘ അഫ്ഗാനിസ്ഥാന്‍ വനിത ഫുട്‌ബോള്‍ ടീമിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ടും പാകിസ്ഥാന്‍ വിസയുമടക്കമുള്ള എല്ലാ രേഖകളും അവരുടെ കയ്യിലുണ്ടായിരുന്നു. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി നൗമന്‍ നദീം ഇവരെ സ്വീകരിച്ചു,’ തന്റെ ട്വീറ്റില്‍ ഫവാദ് ചൗധരി പറഞ്ഞു.

എന്നാല്‍ എത്ര ഫുട്‌ബോള്‍ താരങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി ലഭിച്ചു എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ഏകദേശം 75ലധികം പേര്‍ ചൊവ്വാഴ്ച വടക്കന്‍ അതിര്‍ത്തി കടന്നതായാണ് വിവരം.

1996ലെ തങ്ങളുടെ ആദ്യ ഭരണത്തില്‍ സ്ത്രീകളെ എല്ലാത്തരം കായിക ഇനങ്ങളില്‍ നിന്നും താലിബാന്‍ വിലക്കിയിരുന്നു. ഇത്തവണത്തെ ഭരണത്തിന്‍ കീഴിലും സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്ന സൂചനകള്‍ ഉണ്ടായിരുന്നു.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ കഴിഞ്ഞമാസം തന്നെ കളിക്കാരും അവരുടെ പരിശീലകരും കുടുംബാംഗങ്ങളും രാജ്യം വിടാന്‍ ശ്രമിച്ചിരുന്നെന്നും, എന്നാല്‍ കാബൂളിലെ ആക്രമണങ്ങള്‍ കാരണം വൈകിപ്പോയതാണെന്നും ചില വൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

താലിബാന്‍ അവരുടെ അഫ്ഗാന്‍ കീഴടക്കല്‍ ദൗത്യം ആരംഭിച്ചതു മുതല്‍ തന്നെ രാജ്യത്ത് നിന്നും ആയിരക്കണക്കിന് പേര്‍ വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് പുരുഷന്മാര്‍ മാത്രമടങ്ങിയ ഒരു താല്‍ക്കാലിക സര്‍ക്കാരിനെ താലിബാന്‍ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afgan Women Football migrate to Pakistan Taliban

We use cookies to give you the best possible experience. Learn more