| Saturday, 27th May 2023, 8:54 am

ഇത് പോരാട്ട വിജയം; താലിബാന്‍ വിലക്ക് മറികടന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും ഉന്നത വിജയം നേടി അഫ്ഗാന്‍ യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ വിലക്ക് മറികടന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും ഉന്നത വിജയം നേടി അഫ്ഗാന്‍ യുവതി ബെഹ്ഷിത ഖൈറുദീന്‍.  കെമിക്കല്‍ എന്‍ജിനീയറിങ്ങിലെ ബിരുദാനന്തര ബിരുദത്തിലാണ് മിന്നും ജയം കരസ്ഥമാക്കിയത്.

2021ല്‍ താലിബാന്റെ അധിനിവേശ സമയത്ത് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിനായി ബെഹ്ഷിത മദ്രാസ് ഐ.ഐ.ടിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഈ സമയത്ത് വടക്കന്‍ അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയിലെ വീട്ടില്‍ ബെഹ്ഷിത കുടുങ്ങി. പിന്നീട് മദ്രാസ് ഐ.ഐ.ടിയുടെ സഹായത്തോടെ എല്ലാ സെമസ്റ്റര്‍ പരീക്ഷകളും വിദൂരമായാണ് എഴുതി എടുത്തത്.

ഈ വര്‍ഷം മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലാണ് ബെഹ്ഷിതയും ഉയര്‍ന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.

തുടക്കത്തില്‍ വീട്ടില്‍ നിന്നുകൊണ്ട് പഠിക്കുന്നതിനാല്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും 4-5 മണിക്കൂറുകള്‍ മാത്രമായിരുന്നു ഉറങ്ങിയിരുന്നതെന്നും ബെഹ്ഷിത പറഞ്ഞു. വിദ്യാഭ്യാസത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന വീടാണ് തന്റേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വിജയത്തില്‍ അഭിമാനം പ്രകടിപ്പിച്ച ബെഹ്ഷിത താലിബാന്‍ നടപടി ക്രൂരമാണെന്നും പറഞ്ഞു.

‘എനിക്ക് എന്നോട് യാതൊരു പശ്ചാത്താപവുമില്ല. നിങ്ങള്‍ എന്നെ തടഞ്ഞാല്‍ ഞാന്‍ മറ്റൊരു വഴി കണ്ടെത്തും. എനിക്ക് നിങ്ങളോടാണ് (താലിബാന്‍) സഹതാപം തോന്നുന്നത്, നിങ്ങള്‍ക്ക് അധികാരമുണ്ട്, എല്ലാമുണ്ട് എന്നാല്‍ നിങ്ങള്‍ അത് ഉപയോഗപ്പെടുത്തുന്നില്ല. നിങ്ങളാണ് പശ്ചാത്തപിക്കേണ്ടത്, ഞാനല്ല’, അവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇന്റര്‍വ്യൂ പാസായിരുന്നെങ്കിലും നയതന്ത്രപരമായ കാരണങ്ങളാല്‍ അഡ്മിഷന്‍ നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷം ഐ.സി.സി.ആറില്‍ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല. പോര്‍ട്ടലില്‍ നിന്നും എന്റെ പേര് കാണാതായി. അതിന് ശേഷം ഐ.ഐ.ടി മദ്രാസുമായി ബന്ധപ്പെട്ടു. ഇന്റര്‍വ്യൂ പാസായിരുന്നുവെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം നേരിടുന്നുണ്ടെന്നും മെയില്‍ അയച്ചു. അതിന് ശേഷം എനിക്ക് സ്‌കോളര്‍ഷിപ്പ് പാസാകുകയും പഠനം ആരംഭിക്കുകയും ചെയ്തു,’ ബെഹ്ഷിത പറഞ്ഞു.

താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് വളരെ ക്രൂരമാണെന്നും ഇതിനെതിരെ പോരാടാനാണ് രാജ്യത്തെ പെണ്‍കുട്ടികളോട് പറയുന്നതെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ പെണ്‍കുട്ടികളോട് പഠിക്കാനാണ് പറയുന്നത്. നിങ്ങള്‍ക്ക് കഴിയുന്നത്ര വായിക്കുക. കഴിയുന്നത് പോലെ വീട്ടില്‍ നിന്നും പഠിക്കുക, വായിക്കുക. വിഷാദത്തിലേക്ക് പോകരുത്. ഈ ക്രൂരതയ്ക്ക് എതിരെ നമുക്ക് ഒന്നിച്ച് നില്‍ക്കണം. ഞങ്ങള്‍ അത് മാറ്റും,’ ബെഹ്ഷിത പറഞ്ഞു.

Contenthighlight: Afgan girl takes iit madras m.tech degree

We use cookies to give you the best possible experience. Learn more