ന്യൂസിലാന്‍ഡിന്റെ ഏഷ്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. അഫ്ഗാനിസ്ഥാനും ശ്രീലങ്കക്കുമെതിരെ കളിക്കുന്നതിനായാണ് കിവികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന വണ്‍ ഓഫ് ടെസ്റ്റാണ് പര്യടനത്തില്‍ ആദ്യം.
ന്യൂസിലാന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയാണ് പോരാട്ടത്തിന് വേദിയാകുന്നത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് മത്സരം.
മത്സരത്തിന് മുന്നോടിയായി അഫ്ഗാന്‍ സൂപ്പര്‍ താരവും നായകനുമായ ഹസ്മത്തുള്ള ഷാഹിദി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യ തങ്ങളുടെ വീടാണെന്നാണ് ഷാഹിദി പറഞ്ഞത്.
തങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച വേദി തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷാഹിദി പറഞ്ഞു. എ.സി.ബിയും (അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) ബി.സി.സി.ഐയും മികച്ച വേദി തന്നെ ഒരുക്കുമെന്നാണ് കരുതുന്നതെന്നും ഷാഹിദി കൂട്ടിച്ചേര്‍ത്തു.
‘ഫസ്റ്റ് ക്ലാസില്‍ ഞങ്ങളുടെ റെക്കോഡ് പരിശോധിക്കുകയാണെങ്കില്‍ അത് വളരെ മികച്ചതാണ്, കാരണം ഞങ്ങള്‍ ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം തന്നെ ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം, ഭാവിയില്‍ ടീമുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാനിലെത്തി കളിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ ഷാഹിദി പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന വണ്‍ ഓഫ് ടെസ്റ്റിന് പിന്നാലെ ന്യൂസിലാന്‍ഡ് ശ്രീലങ്കയിലേക്ക് പറക്കും. സെപ്റ്റംബര്‍ 18 മുതല്‍ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ന്യൂസിലാന്‍ഡ് ലങ്കന്‍ മണ്ണിലെത്തുന്നത്.
ശേഷം അടുത്ത മാസം സൗത്തിയും സംഘവും ഒരിക്കല്‍ക്കൂടി ഇന്ത്യയില്‍ പര്യടനം നടത്തും. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ന്യൂസിസലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് കിവികള്‍ ഇന്ത്യയില്‍ തുടരുക.