| Thursday, 28th December 2017, 11:17 am

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ലിംഗഛേദനം നടക്കുന്നില്ല; സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്ത്രീകളുടെ ലിംഗഛേദനം പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന കണക്കുകളുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രംഗത്ത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകള്‍ സമര്‍പ്പിച്ചത്.

ഇന്ത്യയിലെ ബൊഹ്‌റ വിഭാഗത്തില്‍ ഇപ്പോഴും പെണ്‍കുട്ടികളുടെ ലിംഗഛേദം നടത്തുന്ന രീതി നിലനില്‍ക്കുന്നുവെന്ന് കാണിച്ച് സുനിതാ തിവാരി നല്‍കിയ ഹര്‍ജിയിന്‍മേലാണ് മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ലിംഗഛേദനം ഇല്ലാതാക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയായ മനേക ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാത്രമല്ല ബൊഹ്‌റ സമുദായത്തിനിടയില്‍ തുടരുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേന്ദ്രമന്ത്രാലയം നല്‍കിയ സത്യാവാങ്മൂലത്തില്‍ പെണ്‍കുട്ടികളുടെ ലിംഗഛേദനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കര്‍ശനമാക്കണെമന്ന് ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ ഇപ്പോഴും ബൊഹ്‌റ സമുദായത്തില്‍ നിലനില്‍ക്കുന്ന രീതിയാണ് പെണ്‍കുട്ടികളുടെ ലിംഗഛേദനം. ആറു മുതല്‍ പതിനാറു വയസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് ഇതിന് വിധേയമാക്കുന്നത്. ഇന്ത്യയിലെ എകദേശം നാല് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഈ ആചാരം തുടരുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

പെണ്‍കുട്ടികളുടെ ആരോഗ്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന രീതീയാണ് ഇതെന്നും ലിംഗഛേദനത്തിനുശേഷം അണുബാധയുണ്ടാകാനുള്ള സാധ്യതകള്‍ എറെയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ഈ രീതിക്കതിരെ പല ആഗോളസംഘടനകളും സന്നദ്ധസംഘടനകളും രംഗത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more