|

പത്മനാഭ സ്വാമി ക്ഷേത്രം: അമിക്കസ്‌ക്യൂറിക്കെതിരെ സത്യവാങ്മൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

pathmanaba-temple-01തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ ക്ഷേത്ര ട്രസ്റ്റിയുടെ സത്യവാങ്മൂലം. മൂലം നിരുനാള്‍ രാമവര്‍മ്മയാണ് സത്യവാങ് മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് രാമവര്‍മ്മ സത്യവാങ്മൂലത്തില്‍ പറയുന്നത്. സുപ്രീം കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അമിക്കസ്‌ക്യൂറിക്കെതിരെ അഞ്ച് കുടുംബാംഗങ്ങള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. രാജകുടുംബത്തെ മനഃപൂര്‍വ്വം അപമാനിക്കാനാണ് അമിക്കസ്‌ക്യൂറി ശ്രമിക്കുന്നതെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ രാജകുടുംബം കുറ്റപ്പെടുത്തിയിരുന്നു. അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയംതിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി തുടങ്ങി അഞ്ച് രാജകുടുംബാംഗങ്ങള്‍ കേസില്‍ കക്ഷിചേരാനായി സമര്‍പിച്ച അപേക്ഷയിലാണ് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.

രാജകുടുംബത്തെ ഒന്നാകെ ക്ഷേത്രകാര്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് അമിക്കസ്‌ക്യൂറി ശ്രമിക്കുന്നതെന്നും ക്രൂരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ക്ഷേത്രനടത്തിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി നടത്തുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ക്ഷേത്ര ജീവനക്കാരനെതിരെ നടന്ന ആസിഡ് ആക്രണത്തിന് പിന്നിലും, ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് പിന്നിലും രാജകുടുംബമാണെന്ന് വരുത്തിതീര്‍ക്കാന്‍ അമിക്കസ്‌ക്യൂറി ശ്രമിക്കുന്നുവെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നല്ല നടത്തിപ്പിന് ഭരണസമിതി അംഗങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ക്ഷേത്രഭരണസമിതിയിലുള്ളവര്‍ തമ്മില്‍ ഭിന്നത നിലനില്‍ക്കുകയും ഇടയ്ക്കിടെ രാജകുടുംബവുമായി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യം ഭരണസമിതിയിലുള്ളവര്‍ക്ക്  ഈ നിര്‍ദ്ദേശം നല്‍കിയിരുന്നത്.