| Friday, 14th February 2025, 2:18 pm

ഭാര്യക്ക് മറ്റ് പുരുഷനോട് തോന്നുന്ന അടുപ്പവും പ്രണയവും വിവാഹേതരബന്ധമല്ല: രാജസ്ഥാന്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: വിവാഹിതയായ സ്ത്രീയ്ക്ക് മറ്റൊരു പുരുഷനോട് തോന്നുന്ന അടുപ്പവും പ്രണയവും വിവാഹതേരബന്ധമല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയാണ് വിധി പുറപ്പെടുവിച്ചത്.

ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ യുവാവ് നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് കോടതി വിധി. മറ്റ് പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തോളം ആ ബന്ധത്തെ ജാരവൃത്തിയായി പറയാനാകില്ലെന്നും കോടതി പറഞ്ഞു. ഒരു ബന്ധത്തെ പാതിവ്രത്യഭംഗം, അല്ലെങ്കില്‍ ജാരവൃത്തി എന്നെല്ലാം പറയണമെങ്കില്‍ അവിടെ ലൈംഗിക ബന്ധം കൂടി ഉള്‍പ്പെടണമെന്നും കോടതി നിരീക്ഷിച്ചു.

ബി.എന്‍.എസ് 144 (5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125 (4) വകുപ്പ് പ്രകാരവും ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. വൈകാരികമായ അടുപ്പം ജാരവൃത്തിയല്ലെന്നും കോടതി പറഞ്ഞു.

ദമ്പതികള്‍ നിലവില്‍ പിരിഞ്ഞുകഴിയുകയാണ്. മാസങ്ങളായി ഭാര്യക്ക് ഇയാള്‍ എട്ടായിരം രൂപ ജീവനാംശം നല്‍കുന്നുണ്ട്. തന്റെ ഒരു മാസത്തെ ശമ്പളമാണ് ഭാര്യക്ക് നല്‍കുന്നതെന്നും ഇതോടെ ശമ്പളം തീരുകയാണെന്നുമാണ് യുവാവിന്റെ പരാതി. പരാതിയില്‍ ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും അതിനാല്‍ യുവതിക്ക് ജീവനാംശത്തിന് അവകാശമില്ലെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

ഭാര്യക്ക് ഇടക്കാല ധനസഹായം നല്‍കണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം, ഭാര്യക്ക് ഇതിനകം 4,000 രൂപ നല്‍കുന്നുണ്ടെന്നും സി.ആര്‍.പി.സിയിലെ സെക്ഷന്‍ 125 പ്രകാരം 4,000 രൂപ കൂടി നല്‍കുന്നത് അമിതമാണെന്നുമാണ് യുവാവിന്റെ വാദം.

എന്നാല്‍ ഭര്‍ത്താവിന്റെ ഹരജി ഹൈക്കോടതി തള്ളുകയാണ് ചെയ്തത്. കുടുംബകോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി യുവാവിന്റെ ഹരജി തള്ളിയത്. കോടതിയില്‍ യുവാവ് സമര്‍പ്പിച്ച സാലറി സര്‍ട്ടിഫിക്കറ്റിലെ തിയതിയും സ്ഥലവും അടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

ഭാര്യക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ടെന്ന വാദം തെളിയിക്കാന്‍ യുവാവിന് കഴിഞ്ഞില്ലെന്നും കോടതി പ്രതികരിച്ചു. യുവതിക്ക് സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ഉണ്ടെന്നാണ് യുവാവ് കോടതിയില്‍ വാദിച്ചത്.

Content Highlight: Affection and love felt by wife for other man is not extra-marital affair: Rajasthan High Court

We use cookies to give you the best possible experience. Learn more