ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകര്‍ കേസില്‍ നിന്നൂരിപ്പോരാന്‍ ശ്രമിക്കുന്നെന്ന് അഫീലിന്റെ കുടുംബം
Kerala
ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകര്‍ കേസില്‍ നിന്നൂരിപ്പോരാന്‍ ശ്രമിക്കുന്നെന്ന് അഫീലിന്റെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 2:32 pm

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അഫീലിന്റെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്ത്. സ്‌കൂള്‍ അധികൃതര്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കുന്നെന്നും അഫീലിന്റെ മാതാപിതാക്കളായ ജോണ്‍സണ്‍, ഡാര്‍ലി എന്നിവര്‍ പരാതിപ്പെട്ടു. അഫീലിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമല്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഘാടകരുടെ ഭാഗത്തു നിന്ന വീഴ്ചകള്‍ മറയ്ക്കാന്‍ സജീവ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അഫീല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വൊളന്റിയറായി പോയതെന്നും സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരായി അയച്ചിരുന്നില്ലെന്നുമുള്ള സ്‌കൂള്‍ അധികൃതരുടെ വാദം തെറ്റാണ്. ഒപ്പം അഫീലിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ നീക്കം ചെയ്തതില്‍ ദുരൂഹതയുണ്ട്. ലോക്ക് ചെയ്തിരുന്ന ഫോണ്‍ തുറക്കാനായി അഫീലിന്റെ സുഹൃുത്തുക്കളെ പൊലീസ് വിളിപ്പിച്ചിരുന്നു. ഫോണ്‍ പരിശോധിച്ച സുഹൃത്തക്കളാണ് കോള്‍ വിവരങ്ങള്‍ ഫോണില്‍ നിന്നും നീക്കം ചെയ്തതായി ജോണ്‍സനെ അറിയിച്ചത്.

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ എറിഞ്ഞ ഹാമര്‍ അഫീലിന്റെ തലയില്‍ വീഴുകയായിരുന്നു. മീറ്റിന്റെ ആദ്യദിനമായ ഒക്ടോബര്‍ നാലിനായിരുന്നു അപകടം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. രണ്ടു മത്സരങ്ങള്‍ക്ക് ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്.