കോട്ടയം:ഹാമര്‍ തലയില്‍ വീണ് മരിച്ച അഫിലിന്റെ മരണം സംബന്ധിച്ചുള്ള, കായിക വകുപ്പിന്റെ അന്വേഷണസമിതിയില്‍ അഭിപ്രായ ഭിന്നത.അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ സംരക്ഷിക്കാനും നീക്കം.
പിഴവ് ആരുടേതെന്ന് സ്ഥിരീകരിക്കാതെയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. കായികമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്നംഗ സമിതിയാണ് അഫിലിന്റെ മരണം അന്വേഷിക്കുന്നത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ മരണപ്പെട്ടത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. രണ്ടു മത്സരങ്ങള്‍ക്ക് ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്.