അബൂദാബി: യു.എ.ഇ.ആരാധകര്‍ക്കെതിരെ നടപടിക്കൊരുങ്ങി എ.എഫ്.സി. അല്‍ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്. അല്‍ ജസീറയ്ക്കയച്ച പ്രസ്താവനയിലാണ് നടപടിയുണ്ടാകുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചത്.
ഏഷ്യാകപ്പ് സെമിയില്‍ നടന്ന സംഭവങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നും കുറ്റം തെളിഞ്ഞാല്‍ എമറാത്തി ആരാധകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എ.എഫ്.സി. അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനായി മത്സരത്തിന്റെ വീഡിയോ ഫൂട്ടേജുകള്‍ പരിശോധിക്കുമെന്നും അന്വേഷണത്തിനായി സമിതിയെ നിയോഗിക്കുമെന്നും എ.എഫ്.സി. അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ എമിറേറ്റ് ഫുട്‌ബോള്‍ ഫൈഡറേഷന് മേല്‍ പിഴ ഈടാക്കാനും ആരാധകര്‍ക്ക് വിലക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.
സെമിഫൈനലിനിടെ ഖത്തര്‍ ഗോളടിച്ചപ്പോള്‍ മൈതാനിയിലേക്ക് ഷൂവും വെള്ളക്കുപ്പിയും എറിഞ്ഞിരുന്നു. മാത്രമല്ല ഖത്തര്‍ ദേശീയഗാനത്തോട് മോശമായാണ് എമിറാത്തികള്‍ പെരുമാറിയത്. സംഭവത്തിന് ശേഷം യു.എ.ഇയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.