| Monday, 3rd October 2022, 11:37 pm

ബാഴ്‌സയുടെ മികച്ച താരങ്ങളെ സ്വന്തമാക്കാനൊരുങ്ങി ഇന്റർ മിയാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അർജന്റൈൻ താരം ലയണൽ മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക. കരാർ പുതുക്കാൻ പി.എസ്.ജി ഒരുങ്ങുമ്പോൾ താരത്തെ തിരികെ വിളിക്കാൻ കാത്തിരിക്കുകയാണ് ബാഴ്‌സലോണ. എന്നാൽ ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതിന് ശേഷം മാത്രമേ മെസി വിഷയത്തിൽ തന്റെ തീരുമാനം അറിയിക്കുകയുള്ളൂ.

രണ്ട് ക്ലബ്ബുകൾ മെസിയുടെ തീരുമാനത്തിന് കാത്തിരിക്കുമ്പോഴാണ് എം.എൽ.എസ് ക്ലബ്ബായ ഇന്റർ മിയാമി താരത്തെ നോട്ടമിട്ടിരിക്കുന്നത്. ഇതിഹാസ താരമായ ഡേവിഡ് ബെക്കാം മുമ്പ് തന്നെ മെസിയോടുളള തന്റെ താത്പര്യം പ്രകടപിച്ചിരുന്നു.

വിരമിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും എം.എൽ.എസ് കളിക്കണമെന്ന ആഗ്രഹം മെസി മുമ്പൊരിക്കൽ ഒരഭിമുഖത്തിൽ തുറന്ന് പറയകയും ചെയ്തിരുന്നു.

മെസിയെ കൂടാതെ മറ്റ് രണ്ട് ബാഴ്‌സ താരങ്ങളെ കൂടി സ്വന്തമാക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ഇന്റർ മിയാമി. സൂപ്പർ താരം ലൂയിസ് സുവാരസ് ആണ് ആദ്യ നോട്ടപ്പുള്ളി. താരം നിലവിൽ ഉറുഗ്വൻ ക്ലബ്ബായ നാഷണലിൽ ആണ് കളിക്കുന്നത്.

സുവാരസ് കൂടു മാറാൻ ഒരുങ്ങുകയാണെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നെങ്കിലും പുതിയ സ്ഥലത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ നവംബറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ കഴിയമെന്ന വിശ്വാസത്തിലാണ് ഇന്റർ മിയാമി.

സെർജിയോ ബുസെക്കറ്റ്‌സാണ് അടുത്തത്. താരം ഈ സീസണിന് ശേഷം ബാഴ്‌സ വിടാനുള്ള സാധ്യതകൾ ഏറെയാണ് എന്ന വാർത്ത സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

താരത്തെയും ഉടൻ ടീമിലെത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഇന്റർ മിയാമി. അടുത്ത സീസണിൽ മെസി, സുവാരസ്, ബുസെക്കറ്റ്‌സ് എന്നിവർ അണിനിരക്കുന്ന താര നിരയെ സ്വന്തമാക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരിക്കുകയാണ് ഇന്റർ മിയാമി.

ക്ലബ്ബ് ഇന്റർനാഷണൽ ഡി ഫുട്ബോൾ മിയാമി എന്നാണ് ഇന്റർമിയാമിയുടെ മുഴുവൻ പേര്. വലിയ ഫാൻബേസ് നേടാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ബെക്കാം മിയാമി കേന്ദ്രീകരിച്ച് ക്ലബ്ബ് തുടങ്ങിയത്. കഴിഞ്ഞ സീസണുകളിൽ ഇന്റർ മിയാമിയുടെ അണ്ടർ 13, അണ്ടർ 14 ടീമുകളുടെ മത്സരത്തിന് വൻ ജനക്കൂട്ടം എത്തിയിരുന്നു.

എന്നാൽ യൂറോപ്പിൽ നിന്ന് വലിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമം ഫലവത്തായരുന്നില്ല. അർജന്റീന ടീനേജർ മാതിയാസ് പെല്ലെഗ്രിനി, മെക്സിക്കോ ഇന്റർനാഷണൽ മിഡ്ഫീൽഡർ പിസാറോ, സ്‌കോട്ലൻഡ് വിങ്ങർ മോർഗൻ എന്നിവരാണ് ടീമിലെ പ്രധാനികൾ. മെക്സിക്കൻ ക്ലബ്ബുകൾക്കൊപ്പം രണ്ട് തവണ കോൺകകാഫ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഡിയഗോ അലോൺസോയാണ് ഹെഡ് കോച്ച്.

Content Highlights: David Bekham invites Barcelona players to Inter Miami

We use cookies to give you the best possible experience. Learn more