| Friday, 17th July 2020, 11:40 pm

ക്വാറന്റൈന്‍ ചട്ടങ്ങള്‍ അതീവ കര്‍ശനമാക്കി യു.എ.ഇ; ലംഘിച്ചാല്‍ പിഴ 50000 ദിര്‍ഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്പോഴും ക്വാറന്റൈന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ.

യു.എ.ഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹം (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കും.

തിരിച്ചെത്തുന്ന പ്രവാസികള്‍ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. യു.എ.ഇയിലെ ക്വാറന്റീന്‍ ചട്ടങ്ങളും പരിശോധനാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ നിബന്ധനകളായിരിക്കുമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) അറിയിച്ചു.

70 വയസിന് മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരും യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ നിന്ന് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമായ ശേഷം നാല് ദിവസം മറ്റുള്ളവരുമായി ഇടപെടാതെ കഴിയണം. നാല് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

വരുന്ന രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് ദിവസം മുതല്‍ 14 വരെ ആയിരിക്കും ക്വാറന്റൈന്‍ കാലാവധി.

ക്വാറന്റൈന്‍ കര്‍ശനമാക്കുന്ന അതേസമയം തന്നെ കൊവിഡിനെ തുടര്‍ന്ന് ദുബായില്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. മിക്ക ബിസിനസ്സുകളും എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിമ്മുകള്‍, സിനിമാശാലകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more