| Monday, 15th May 2017, 3:22 pm

അഴിമതി തുടച്ചുനീക്കണം എന്നാണ് ബെഹ്‌റയുടെ തീരുമാനം: തുടച്ചിട്ടും പോയില്ലെങ്കില്‍, ഡ്യൂലക്‌സ് പെയിന്റ് അടിച്ചു വൃത്തിയാക്കും; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിജിലന്‍സ് ഡി.ജി.പിയായി നിയമിച്ച ലോക്‌നാഥ് ബെഹ്‌റക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

സമ്പൂര്‍ണ വിപ്ലവത്തിലും സമൂല പരിവര്‍ത്തനത്തിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ ബെഹ്‌റയെന്നും പതിനൊന്നു മാസം കൊണ്ട് അദ്ദേഹം പോലീസ് ആസ്ഥാനം വിപ്ലവകരമായ ഒരുപാട് മാറ്റങ്ങള്‍ നടപ്പാക്കിയെന്നും ജയശങ്കര്‍ പറയുന്നു.


Dont Miss യുവാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂരമര്‍ദ്ദനം: ജനനേന്ദ്രിയം അടിച്ചു തകര്‍ത്തതായി പരാതി 


സംസ്ഥാനത്തെ ക്രമസമാധാനനില ഇനിയാര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തവിധം ബെഹ്‌റ ഭദ്രമാക്കി. കേരളത്തിലെ ശാന്തിയും സമാധാനവും സുസ്ഥിരവികസനവും കണ്ടു അസൂയാലുക്കളായ സുപ്രീം കോടതി ജഡ്ജിമാര്‍ സെന്‍ കുമാറിനെ പോലീസ് ആസ്ഥാനത്തു പുനഃസ്ഥാപിച്ചു; ബെഹ്‌റയെ വഴിയാധാരമാക്കിയെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു.

വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ ബെഹ്‌റ അഞ്ചേഅഞ്ചു ദിവസംകൊണ്ടു ജേക്കബ് തോമസിന്റെ 36 ഉത്തരവുകള്‍ പുല്ലുപോലെ റദ്ദാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡി.വൈ.എസ്.പി മാര്‍ക്ക് നല്‍കിയിരുന്ന ധിക്കാരം പിന്‍വലിച്ചു.

കെ.എം.മാണിക്കും ടോം ജോസിനും ക്ലീന്‍ ചിറ്റ് നല്‍കാന്‍ തീരുമാനിച്ചു. കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയില്‍ എടുക്കാനും ടോം ജോസിന് നളിനി മാഡം റിട്ടയര്‍ ചെയ്യുന്നമുറയ്ക്ക് ചീഫ് സെക്രട്ടറി ആകാനും വഴി തെളിഞ്ഞു.

കെ.ബാബു, ടി.ഒ.സൂരജ് മുതലായവരുടെ കേസുകളും ബെഹ്‌റ സര്‍ പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നോരണ്ടോ ആഴ്ചയ്ക്കകം അതില്‍ തീരുമാനം ഉണ്ടാകും.

അഴിമതി തുടച്ചുനീക്കണം എന്നാണ് ബെഹ്‌റയുടെ തീരുമാനം. ഇനി തുടച്ചിട്ടും പോയില്ലെങ്കില്‍, ഡ്യൂലക്‌സ് പെയിന്റ് അടിച്ചു വൃത്തിയാക്കുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.

We use cookies to give you the best possible experience. Learn more