| Wednesday, 26th April 2017, 9:47 am

പിണറായി പറഞ്ഞപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്; മണിക്കെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് സാംസ്‌കാരിക 'നായകള്‍' ഇനി ഓരിയിടും; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.എം മണിയുടേത് നാട്ടുഭാഷയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോനചനയാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞതിന് ശേഷമാണ് ബാക്കി സഖാക്കള്‍ക്ക് ഗുട്ടന്‍സ് പിടികിട്ടിയതെന്നും സഖാക്കള്‍ക്ക് അല്‍പമെങ്കിലും ബുദ്ധി വേണമെന്നുമുള്ള പരിഹാസവുമായി അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയേയും മുഖ്യമന്ത്രിയേയും സഖാക്കളേയും പരിഹസിച്ചുകൊണ്ട് ജയശങ്കര്‍ രംഗത്തെത്തിയത്.

“പറയുമ്പോള്‍ പരിഭവിക്കരുത്, കലാപത്തിനു പുറപ്പെടരുത്, വിപ്ലവപ്പാര്‍ട്ടിയിലെ നല്ലൊരു ഭാഗം നേതാക്കളും നേതാക്കികളും കാര്യങ്ങള്‍ നേരെ ചൊവ്വേ ഗ്രഹിക്കാനും ശരിയായ രീതിയില്‍ പ്രതികരിക്കാനും പ്രാപ്തിയില്ലാത്തവരാണ്.

കുഞ്ചിത്തണ്ണിയില്‍ മണിയാശാന്‍ നടത്തിയ പ്രസംഗം ടിവിയില്‍ കേട്ട് സീമട്ടീച്ചറും ശ്രീമതി ടീച്ചറും ചെവി പൊത്തി “അയ്യോ അശ്ളീലം”എന്ന് ആര്‍ത്തു വിളിച്ചു. മേഴ്‌സിക്കുട്ടിയമ്മ “സ്ത്രീ വിരുദ്ധ പ്രസംഗം” എന്നു കുറ്റപ്പെടുത്തി.


Dont Miss മന്ത്രി എം.എം മണിയുടെ സഹോദരനും കുടുംബത്തിനും കോടികളുടെ നിക്ഷേപം; ലംബോധരന്റെ അനധികൃത സ്വത്ത് വിവരങ്ങള്‍ പുറത്ത് 


പ്രസംഗം കേട്ടു കോടിയേരി സഖാവു പോലും മണിയാശാനെ പഴിച്ചു. ആനത്തലവട്ടം ടിവി ഫ്‌ലോറുകള്‍ തോറും നടന്നു മണിപ്രവാളം മാര്‍ക്‌സിസ്റ്റു വിരുദ്ധമെന്ന് വ്യാഖ്യാനിച്ചു.

കുറച്ചു കൂടി വിവേകമുളളവര്‍ മൗനം ഭജിച്ചു. മണിയാശാന്റേത് നാട്ടുഭാഷയാണെന്നും ഈ വാര്‍ത്ത പാര്‍ട്ടിയെ തകര്‍ക്കാനുളള സിന്‍ഡിക്കേറ്റ് ഗൂഢാലോചനയാണെന്നും ഒരൊറ്റ കുഞ്ഞിനും തോന്നിയില്ല. നിയമസഭയിലെ മുഖ്യന്റെ പ്രസംഗം കേട്ടപ്പോള്‍ മാത്രമാണ് ബാക്കി സഖാക്കള്‍ക്ക് ഗുട്ടന്‍സ് പിടികിട്ടിയത്.

ഇനി ഒന്നും പേടിക്കാനില്ല. മണിയാശാന്റെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധത ലവലേശമില്ലെന്ന് ശ്രീമതി ടീച്ചറും സീമട്ടീച്ചറും പ്രസ്താവനയിറക്കും. പീപ്പീ ദിവ്യയും ചിന്താ ജെറോമും വരെ അതാവര്‍ത്തിക്കും.

മലയാള ഭാഷ തന്‍ മാദക ഭംഗിയെപ്പറ്റി സഖാവ് കെ.ഇ.എന്‍ ദേശാഭിമാനി വാരികയില്‍ ലേഖനം എഴുതും. കീഴാളനും ദരിദ്രനുമായ മണിക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന കടന്നാക്രമണത്തെ അപലപിച്ചുകൊണ്ട് സാംസ്‌കാരിക നായകള്‍ ഓരിയിടും.”- ജയശങ്കര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more