കൊറോണ കാലത്ത് അബദ്ധജടിലമായ വാദങ്ങള്‍ പല ദിക്കില്‍ നിന്ന് ഉയരുകയും വൈറസിനെക്കാളും വേഗത്തില്‍ പടരുകയും ചെയ്യുകയാണ്. ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ ഡെറ്റോള്‍ കുപ്പിയില്‍ കൊറോണ വൈറസിനെ കുറിച്ചു പറഞ്ഞിരുന്നു എന്ന് ഇക്കിളി ക്ലിക്ക് ബയ്റ്റ് അടിച്ച് വിട്ടത് കേരളത്തിലെ ഒരു മുന്‍നിര മാധ്യമമാണ്. പൊങ്കാലയിടുന്നയിടത്ത് വൈറസ് വരില്ല എന്നു പറഞ്ഞത് ഒരു മുന്‍ ഡിജിപി, 30° ഉണ്ടെങ്കില്‍ കുഴപ്പമില്ല എന്ന് മറ്റൊരു ജനപ്രതിനിധി.
എന്നാലും ഇതിനേക്കാള്‍ കുഴപ്പം പിടിച്ച പ്രസ്താവനയായി തോന്നിയത് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റതാണ്. കാര്യം സഭയിലെ കൂവല്‍ പ്രശ്നത്തില്‍ മുങ്ങി പോയെങ്കിലും എങ്ങനെ ഫലപ്രദമായി കോവിഡ്-19 നേരിടാം എന്ന വിഷയത്തില്‍ അദ്ദേഹം സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ചില ഗുരുതര പിഴവുകള്‍ ഉണ്ട്. പ്രത്യേകിച്ചും അവ രാഷ്ട്രീയ ആരോപണങ്ങള്‍ അല്ലാത്തതിനാലും പകരം പോളിസി മാറ്റര്‍ ആയതു കൊണ്ട് അവഗണിക്കാന്‍ കഴിയാത്തവയാണ്.
അദ്ദേഹത്തിന്റെ ആര്‍ഗ്യുമെന്റ് ഇപ്രകാരം ആണ്, ഏതോ പ്രശസ്ത ID സ്‌പെഷ്യലിസ്റ്റ് രാത്രി ഫോണ്‍ വിളിച്ച് പറഞ്ഞു, കേരളത്തില്‍ കൊറോണ വൈറസിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ അല്ല. കോവിഡ്-19 നേരിടാന്‍ നല്ലത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ മറ്റും വിജയകരമായി നടപ്പിലാക്കുന്ന mitigation strategy ആണ്. കണ്ടൈന്‍മെന്റ് അല്ല വേണ്ടത് പകരം മിറ്റിഗേഷന്‍ ആണ്.
കാരണം വൈറസിനെ തുടച്ച് നീക്കാന്‍ കഴിയില്ല. അതൊരു ഫ്‌ലു പോലെ സമൂഹത്തില്‍ നിലനില്‍ക്കും, മരണ നിരക്ക് 2%-3% ശതമാനമാണ്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ ആഘാതം ആകാവുന്ന ‘lockdown’ ഒഴിവാക്കി ഹോം കോറന്റയ്ന്‍, അസുഖം മൂര്‍ച്ചിക്കുന്നവരെ മാത്രം ചികിത്സിക്കുക എന്ന ഒരു രീതിയിലേക്ക് മാറുക. ഈ കൊറോണ കാലത്ത് കേട്ട ഏറ്റവും അപകടം പിടിച്ച അഭിപ്രായം ആണിത്.
പ്രതിപക്ഷത്തിനോട് അല്പം കൂടി അണ്‍ഫ്രണ്ട്‌ലിയായ ഒരു പ്രസ്സ് ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു തലകെട്ട് അടിക്കും ‘കൊറോണയ്ക്ക് വലിയ നടപടികള്‍ വേണ്ട, ഒരു 4-5 ലക്ഷം ആളുകള്‍ മരിക്കട്ടെ, എന്ന് സഭയില്‍ പ്രതിപക്ഷ നേതാവ്’. 4-5 ലക്ഷം എന്ന സംഖ്യ ഒരു ക്ലിക്ക് ബൈറ്റ് ആയി ഇവിടെ കിടക്കട്ടെ. അത് വിശദീകരിക്കുമ്പോള്‍ മറ്റേ ടീംസിനുള്ള (ഡിജിപി, എം.പി, പോള്‍ ഹൈലി) മറുപടി കൂടി ആകും.
നോവല്‍-കൊറോണ വൈറസ് എന്ന് പേരിടുന്നത്തിന് മുന്‍പും, ഇപ്പൊള്‍ SARS-CoV2 എന്ന് വിളിക്കുന്നതുമായ ഈ വൈറസ് നവംബര്‍ അവസാനത്തോടെ കൂടിയാണ് രംഗത്ത് എത്തുന്നത്. രോഗികളില്‍ നിന്നും ശേഖരിച്ച വൈറസ് സാമ്പിളുകളുടെ ജനോമിക് സീക്വന്‍സിംഗ് നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് മനസിലാക്കാന്‍ സാധിച്ചത് ഇതിന്റെ ഉത്ഭവം നവംബറില്‍ ആണെന്നാണ്.
സഞ്ചാരപഥത്തില്‍ വൈറസിന് പരിണാമപരമായ മുറ്റേഷനുകള്‍ സംഭവിക്കുമെന്നതിനാല്‍, അതിന്റെ ഘടനാപരമായ മാറ്റങ്ങളില്‍ നിന്നും വൈറസിന്റെ പഴക്കം, അതിന്റെ കുടുംബത്തിലെ മറ്റു വൈറസുകളുമായി ഉള്ള സാമ്യം, വ്യത്യാസം എന്നിവ മനസ്സിലാക്കാന്‍ കഴിയും. വെറും ഫ്‌ളു അല്ല, സ്വന്തമായി അസ്തിത്വം ഉള്ള ഒരു വൈറസ് ആണ് കോവിഡ്-19 അസുഖം പരത്തുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.
(വൈറസ് 32° യില്‍ തട്ടി പോകുമോ എന്നൊക്കെ പറയാന്‍ ഇത് പ്രധാനമാണ്, വേറൊരു വൈറസ് തട്ടി പോയന്ന് കരുതി, ഇതിനും ആ ഗതി വരും എന്ന് പറയാന്‍ കഴിയില്ല)
വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയുടെ ഗതി നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് അതിന്റെ റിപ്രൊഡക്ഷന്‍ നംമ്പര്‍ (Basic Reproduction Number R0). പൊതുവില്‍ ഇന്‍ഫെക്ഷന് സാധ്യതയുള്ള പോപുലേഷനില്‍ ഒരു കേസില്‍ നിന്നും ശരാശരി എത്ര പേര്‍ക്ക് രോഗം പരത്തും എന്നാണ് ഇത് കണക്കാക്കുന്നത്. പല പകര്‍ച്ചവ്യാധികള്‍ക്കും ഇത് വിഭിന്നമായിരിക്കും. R0 സ്ഥിരമായ മൂല്യം (constant) ഒന്നുമല്ല.
പലപ്പോഴും അത് പാരിസ്ഥിതിക അവസ്ഥകളും പോപുലേഷന്റെ പകര്‍ച്ചവ്യാധിയോട് ഉള്ള പ്രതികരണവുമായി ആശ്രയച്ചിരിക്കും. R0 നമ്പര്‍ ഒന്നില്‍ കൂടുതല്‍ ആണെങ്കിലാണ് പൊതുവില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ ഉള്ള സാധ്യത വര്‍ദ്ധിക്കും. ചൈനയിലെ കണക്ക് വെച്ച് കോവിഡ്-19 R0 2.5 ആണ് (ഇതൊരു എസ്റ്റിമേറ്റ് ആണ്, ഒരു 1.5-3 സ്‌പ്രെഡ് ആയിരിക്കാം ഗ്ലോബല്‍ ലെവലില്‍). ജനസംഖ്യയുടെ എത്ര ശതമാനം ഇത്തരത്തില്‍ അസുഖം ബാധിക്കും എന്ന് കണക്ക് കൂട്ടുന്നത് പൊതുവേ (1 (1/RO)) ഉപയോഗിച്ചാണ്.
ഈ മോഡല്‍ വെച്ചാണ് ജനസംഖ്യയുടെ 60%-70% ശതമാനത്തിന് കോവിഡ്-19 ബാധിക്കാം എന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മേര്‍കേല്‍ പറയുന്നത്. കേരളത്തിന്റെ ജനസംഖ്യ 3 കോടി എന്ന് കണക്കാക്കിയാല്‍, ഇതൊരു പുതിയ തരം കൊറോണ വൈറസ് ആയത് കൊണ്ടും, R0 2.5 എന്ന മൂല്യത്തില്‍, 1.8 കോടി മനുഷ്യരെ വരെ ബാധിക്കാം. അതില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞ ഡെത്ത് റേറ്റ് വെച്ചാല്‍ (2% 3%) നോക്കിയാല്‍ ഒരു 3-4 ലക്ഷം ആളുകള്‍ പെടും. BTW ഇത്രെയും പേരൊന്നും അഫ്ക്റ്റ്‌റഡ് ആകില്ല.
ആ കണക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഉള്ള ഒരു എസ്റ്റിമേറ്റ് ആണ്. കോവിഡ്-19 Case fatality rate (CFR).5% മുതല്‍ 1% വരെയാണ് എന്നാണ് കണക്കാക്കുന്നത്. പക്ഷേ അതിലെ തന്നെ ഏറ്റവും കണ്‍സര്‍വേറ്റീവ് എസ്റ്റിമേറ്റ് എടുത്താല്‍ പോലും ഫലം ഭീമാകാരമായിരിക്കും.
കോവിഡ്-19 ഇത്ര പരക്കുന്നതിനു മുന്‍പ്, പല പോളിസിമേക്കഴസിന്റെയും ആശങ്കകള്‍ ഒരു ലോക്ക്ഡൗണ് ചെയ്യുന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം ആയിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ടൈനമെന്റ് – മിറ്റിഗേഷന്‍ വൈരുദ്ധ്യം ഉടലെടുക്കുന്നത്.
1. കണ്ടയ്ന്‍മെന്റ് /അടിച്ചമര്‍ത്തല്‍/ : #SARSCov2 പടരാതിരിക്കാന്‍ ശ്രമിക്കുക. ട്രാന്‍സ്മിഷന്‍ തടസ്സപ്പെടുത്തുകയും പുതിയ കേസുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുക. അങ്ങനെ RO 1 അല്ലെങ്കില്‍ അതില്‍ കുറവോ ആക്കാന്‍ ശ്രമിക്കുക.അതാണ് ചൈന ചെയ്തത്.
2. മിറ്റിഗേഷന്‍/ലഘൂകരണം: വ്യാപനം അനിവാര്യമാണെന്ന് അംഗീകരിക്കുക, പക്ഷേ അത് മന്ദഗതിയിലാക്കാനും ആഘാതം കുറയ്ക്കാനും ശ്രമിക്കുക. ഇതാണ് തുടക്കത്തില്‍ അമേരിക്കയും യുകെ യും ചെയ്യാന്‍ ശ്രമിച്ചത്.
വൈറസ്സിന്റെ പ്രയാണത്തെ തടയാന്‍ ലോക്ക്ഡൗണ് നടപടികള്‍ എടുക്കാത്ത സാഹചര്യത്തില്‍ കേസുകള്‍ കുമിഞ്ഞു കൂടുകയും, ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ പോകും. അതുകൊണ്ട് ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിതഭാരം നല്‍കാതെ വൈറസിന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുക എന്നതാണ് മെറ്റിഗേഷന്‍ ലക്ഷ്യം വെച്ചത്.
എന്നാല്‍ പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത് മെറ്റിഗേഷന്‍ സ്ട്രാറ്റജി അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ അപര്യാപ്തമാണെന്നാണ്. ഇതിന്റെ ഏറ്റവും മൂര്‍ത്തമായ ഉദാഹരണമാണ് യു കെ. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കടുത്ത നടപടികളിലേക്ക് പോകാതെ, വൈറസിനെ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറക്കി വിട്ട് herd immunity നേടിയടുക്കാം എന്ന് പറഞ്ഞ് തുടങ്ങിയ അഭിനവ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‌സണ് അടക്കം മലക്കം മറിഞ്ഞു.
അവസാനം പറഞ്ഞത് ‘പ്രിയപ്പെട്ടവര്‍ പലരും കാലം തെറ്റി മരിക്കും എന്നാണ്’. അവിടെയും കണ്ടൈനമെന്റ് സമാനമായ ഒരുക്കങ്ങള്‍ തുടങ്ങി.
ഇതിന് വഴിവെച്ചത് ഇംപീരിയല്‍ കോളേജിലെ നീല്‍ ഫര്‍ഗൂസന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ‘Impact of non-pharmaceutical interventions (NPIs) to reduce COVID19 mortality and healthcare demand’ എന്ന പേരിലുള്ള പഠനം മെറ്റിഗേഷന്‍ മാത്രം ഉപയോഗിച്ച് കോവിഡ് 19 നെ നേരിടുന്നതിന്റെ അപര്യാപ്തതയെക്കുറിച്ചാണ്.
”Let me be clear: describing this as a pandemic does not mean that countries should give up. The idea that countries should shift from containment to mitigation is wrong and dangerous.’, എന്നാണ് WHO യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വീണ്ടും മെറ്റിഗേഷനെക്കുറിച്ച് അദ്ദേഹത്തിന്റെ വാദങ്ങള്‍ മുന്നോട്ട് വെക്കുന്നത് ആശങ്കാജനകമാണ്.
യഥാര്‍ത്ഥത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒരു കണ്ടയ്ന്‍മെന്റ്- മിറ്റിഗേഷന്‍ ഡൈകോട്ടമീ നിലനില്‍ക്കുന്നില്ല; രണ്ടും ആവശ്യമാണ്. ഇവിടെ പറയാന്‍ ശ്രമിച്ചത് അടിച്ചമര്‍ത്തല്‍ ഒഴിവാക്കിയുള്ള മിറ്റിഗേഷന്‍ രീതികളുടെ പരിമിതിയെകുറിച്ചാണ്. എന്നാല്‍ ഇന്ന് ആ സാഹചര്യം കഴിഞ്ഞു പോയിരിക്കുന്നു. കോവിഡ്-19 ബാധിച്ച രാജ്യങ്ങള്‍ പലതും ചൈനയുടെ മാതൃകയില്‍ ലോക്ക്ഡൗണ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മാര്‍ച്ച് 9ന് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ ഫ്‌ലൂ പിടിച്ചു ഓരോ വര്‍ഷവും പതിനായിരങ്ങള്‍ മരിക്കുന്നുണ്ട് എന്നിട്ടും ഷട്ട് ഡൗണ്‍ ഒന്നും ചെയ്യാറില്ല. ഈ പറഞ്ഞ ആള്‍ തന്നെ 2 ദിവസം കഴിഞ്ഞപ്പോള്‍ ഷട്ട് ഡൗണ്‍ പരിപാടികള്‍ തുടങ്ങി, യൂറോപ്പിലേക്ക് ഉള്ള ഫ്‌ളൈറ്റുകള്‍ നിര്‍ത്തി. ഈ നില തുടന്നാല്‍ അമേരിക്കയില്‍ പല മെഡിക്കല്‍ സൗകര്യങ്ങളും റേഷനിങ് ആകുമെന്ന് അവര്‍ ഭയപ്പെടുന്നു.
അമേരിക്ക അടക്കം ഉള്ള സ്ഥലങ്ങളില്‍ പലപ്പോഴും ടെസ്റ്റിങ് ഫലപ്രദമായി നടത്താന് കഴിയാത്ത സാഹചര്യത്തിലാണ് അവര്‍ ട്രയജിങ് രീതിയിലേക്ക് മാറുന്നത്. അവിടെ പല സംസ്ഥാനങ്ങളില്‍ ടെസ്റ്റിംഗ് ബാക്ക്‌ലോഗ് പ്രശ്‌നങ്ങള്‍ വരെയുണ്ട്.
ഗ്ലോബല്‍ കണക്റ്റിവിറ്റി ഗ്രാഫിലെ ഒരു ഹോട്ട്‌സ്‌പോട്ട് എന്ന നിലയില്‍ കേരളത്തില്‍ ഇത്തരം വൈറസുകള്‍ എത്താന്‍ സാധ്യത കൂടുതലാണ്. മലയാളി എത്താത്ത സ്ഥലങ്ങള്‍ ഇല്ല എന്ന് പറയുന്നത് വെറുതെയല്ല; വുഹാനില്‍ ഒരു മലയാളിക്ക് ഹോട്ടല്‍ ഉണ്ടായിരുന്നു, അത് ഇപ്പൊള്‍ അടഞ്ഞു കിടക്കുന്നു. ആദ്യ വേവ് കോവിഡ്-19 കേരളം വിജയകരമായി തരണം ചെയ്തു.
ഒന്നാം റൗണ്ടില്‍ കേരളം കമ്മ്യൂണിറ്റി സ്‌പ്രെഡ് ഒഴിവാക്കിയത് വലിയ നേട്ടമാണ്. നല്ലൊരു പങ്ക് രാജ്യങ്ങള്‍ക്കും കഴിയാത്ത ഒരു നേട്ടമാണ്, അതും നമ്മളേക്കാള്‍ സമ്പത്തും സാങ്കേതിക അറിവും ഉള്ള സമൂഹങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍. ഒന്നിലധികം പ്രഭവകേന്ദ്രങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ, രണ്ടാം വേവ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു സംസ്ഥാനം എന്ന നിലയില്‍ പരിമിതികളുണ്ടെങ്കിലും പൊതുജന ആരോഗ്യ സംവിധാനം ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ നാടിന് ഈ പ്രതിസന്ധിയേയും തരണം ചെയ്യും എന്ന് പ്രതീക്ഷിക്കാം.
WATCH THIS VIDEO: