രശ്മിത രാമചന്ദ്രന്‍ ഗവണ്‍മെന്റ് പ്ലീഡര്‍; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവിറങ്ങി
Kerala News
രശ്മിത രാമചന്ദ്രന്‍ ഗവണ്‍മെന്റ് പ്ലീഡര്‍; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th July 2021, 4:49 pm

തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. 20 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്.

ഒരു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടുണ്ട്.

സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍ ഉള്‍പ്പടെ 52 പേരെയാണ് ഗവണ്‍ന്മെന്റ് പ്ലീഡര്‍മാരായി നിയമിച്ചത്.

സുപ്രീം കോടതിയില്‍ സി.പി.ഐ.എം. അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, രാജ്യദ്രോഹക്കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ്, ഡി.വൈ.എഫ്.ഐക്ക് വേണ്ടി റോഹിങ്ക്യ കേസ്, സി.ഐ.ടി.യുവിന് വേണ്ടി ദല്‍ഹി മിനിമം വേജസ് കേസ്, കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീര്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രന്‍ ആയിരുന്നു.

രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്സിനേഷന്‍ കേസിലും, പെഗാസസ് കേസിലും, ലോക്സഭാ എം.പി. ആരിഫിന് വേണ്ടി എം.പി. ഫണ്ട് കേസ് ഫയല്‍ ചെയ്തതും രശ്മിത ആണ്.

20 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ അഞ്ച് പേര്‍ വനിതകളാണ്. എം.ആര്‍. ശ്രീലത (ധനകാര്യം), ലത ടി. തങ്കപ്പന്‍ (എസ്.സി. / എസ്.ടി.), കെ.ആര്‍. ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), എന്‍. സുധ ദേവി ( ഭൂമി ഏറ്റെടുക്കല്‍) എന്നിവരാണ് സ്‌പെഷ്യല്‍ ഗവണ്‍ന്മെന്റ് പ്ലീഡര്‍മാരായ വനിതകള്‍.

നികുതി വകുപ്പിന് ഉണ്ടായിരുന്ന രണ്ട് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികള്‍ ഒന്നായി വെട്ടി ചുരുക്കി. പകരം ജലസേചന വകുപ്പിന് ഒരു സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം നല്‍കി. ഇതിലേക്കാണ് മാണി ഗ്രൂപ്പ് നോമിനിയായി കൊച്ചിയിലെ എ&സി ലോ ചേംബറിലെ സിറിയക് കുര്യനെ നിയമിച്ചത്.

53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പ്പെടും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Advt. Rashmitha Ramachandran Govt Pleader LDF Govt