| Saturday, 2nd October 2021, 11:07 am

റോയ് മാത്യുവിനും, വിനു വി. ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി സഹിന്‍ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരായ റോയ് മാത്യുവിനും, വിനു വി. ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ. മനീഷ രാധാകൃഷ്ണന്‍. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയിലെ അധിക്ഷേപത്തിലാണ് മനീഷയുടെ നടപടി.

24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സഹിന്‍ ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ സഹിന്‍ ആന്റണിയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപകരമായ പരാമര്‍ശമാണ് അവതാരകനായ വിനു വി. ജോണും പാനലിസ്റ്റായ റോയ് മാത്യുവും നടത്തിയത്.

ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സഹിന്‍ ആന്റണിയുടെ ഭാര്യ മനീഷ പറയുന്നു.

അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏതറ്റം വരെയും പോകുമെന്നും, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും മനീഷ ട്വന്റി ഫോറിനോട് പറഞ്ഞു.

‘കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ ഒരു ദൃശ്യം പ്രചരിക്കുന്നു. എന്നാല്‍ അത് എന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആന്വല്‍ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. എന്റെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ സഹിന്‍ ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്,’ മനീഷ പറയുന്നു.

ആ ദിവസം സഹിന്‍ ആന്റണിയുടെ പിറന്നാള്‍ കൂടിയായിരുന്നു. ചടങ്ങിന്റെ അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം സ്റ്റേജില്‍ അനൗണ്‍സ് ചെയ്യുകയും, സഹിന്റെ പിറന്നാള്‍ അവിടെ വച്ച് ആഘോഷിക്കാന്‍ പോവുകയാണെന്നും അനൗണ്‍സ് ചെയ്തു.

അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ തങ്ങളുടെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നുവെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.

തന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയെല്ലാം ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസില്‍ പരാതി നല്‍കിയെന്നും മനീഷ പറഞ്ഞു.

ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും മനീഷ പറഞ്ഞു.

അതേസമയം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. പരാമര്‍ശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും റോയ് മാത്യു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Advt Maneesha Radhakrishnan against Asianet News Vinu V John Roy Mathew Sahin Antony

We use cookies to give you the best possible experience. Learn more