സേവനത്തില്‍ കുറവുണ്ടായെന്ന പേരില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല: സുപ്രീം കോടതി
natioanl news
സേവനത്തില്‍ കുറവുണ്ടായെന്ന പേരില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 1:15 pm

ന്യൂദല്‍ഹി: സേവനത്തില്‍ കുറവുണ്ടായെന്ന പേരില്‍ അഭിഭാഷകര്‍ക്കെതിരെ ഉപഭോക്തൃ കോടതികളില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി.

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിശ്ചിത ഫീസിനുളള നിയമപരമായ സേവനത്തെ, സേവനമായി മാത്രം വര്‍ഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഒരു ക്ലയന്റും അഭിഭാഷകനും തമ്മിലുള്ള ഇടപെടലുകള്‍ വ്യക്തിഗത സേവന കരാറിന്റെ സ്വഭാവത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആയതിനാല്‍ സേവനത്തിലെ കുറവ് ചൂണ്ടിക്കാട്ടി അഭിഭാഷകരെ ഉപഭോക്തൃ കോടതിയിലേക്ക് വലിച്ചിഴയ്ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

അഭിഭാഷകര്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിതിയിലാണെന്നും സേവനത്തിലെ അപാകതയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് കേസ് കൊടുക്കാമെന്നും വ്യക്തമാക്കുന്ന നിയമം ഉപഭോക്തൃ കമ്മീഷന്റെ 2007ലെ വിധി മുഖേന റദ്ദാക്കിയിരുന്നു. പ്രസ്തുത നിയമം നിലവില്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കുറഞ്ഞത് 1.3 ദശലക്ഷം അഭിഭാഷകരുണ്ട്.

അഭിഭാഷകര്‍ക്ക് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഒരു പരിധിവരെ പ്രതിരോധശേഷിയും സ്വാതന്ത്ര്യവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം റദ്ദാക്കുന്നത്.

അഭിഭാഷകരുടെ സേവനങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന വിധി പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലല്ല. കേസിന്റെ ഫലങ്ങളെ മാത്രം അടിസ്ഥാനമാക്കി അഭിഭാഷകരെ വിലയിരുത്തുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം അശ്രദ്ധയ്ക്കും മറ്റ് ക്രമക്കേടുകള്‍ക്കും അഭിഭാഷകര്‍ക്കെതിരെ സാധാരണ കോടതികളില്‍ കേസെടുക്കാമെന്ന് കോടതി പറഞ്ഞു.

Content Highlight: Advocates cannot be sued in consumer courts for lack of service, says Supreme Court